ലോക്ക് ഡൗൺ: സഞ്ചാര നിയന്ത്രണം ഉണ്ടാകും

വെളളിയാഴ്ച രാജ്യത്തിന് പ്രധാനമന്ത്രിയുടെ സന്ദേശം

ന്യൂഡൽഹി: കൊവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത്​ ഏർപ്പെടുത്തിയ ലോക്ക്​ ഡൗണിൽ തുടർന്നും സഞ്ചാര നിയന്ത്രണം ഉണ്ടാകുമെന്ന് സൂചന. ഏപ്രിൽ 14 വരെയാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യപിച്ചത്. കൊവിഡിനെതിരെ നീണ്ട പോരാട്ടമാണ് നടക്കുന്നതെന്ന് യോഗത്തിൽ സൂചിപ്പിച്ചു.

വിവിധ സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിഡിയോ കോൺഫറൻസ്​ യോഗം നടത്തി. ക്രമാനുകതമായി എങ്ങിനെ ലോക്ക് ഡൗൺ അവസാനിപ്പിക്കാൻ കഴിയുമെന്ന് സംസ്ഥാനങ്ങൾ ചർച്ച ചെയ്ത് വിദഗ്ദ അഭിപ്രായം അറിയിക്കണമെന്ന് യോഗത്തിൽ തീരുമാനമായി.
രോഗബാധ സാധ്യതയുള്ള 22 വൈറസ്​ ഹോട്ട്​സ്​പോട്ട്​ സ്​ഥലങ്ങൾ പ്രഖ്യാപിച്ചു. രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിൽ ഉൾപ്പെടെ നിയന്ത്രണത്തിൽ അയവുവരുത്തില്ല. വൻ തോതിൽ ആളുകൾ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളിൽ നിയന്ത്രണം തുടരും. ​വ്യോമ, റെയിൽ മേഖലകളിൽ നിയന്ത്രണം തുടരാനാണ്​ സാധ്യത.രാജ്യത്ത്​ കൊവിഡ്​ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയർന്നതും ആശങ്ക ഉയർത്തുന്നുണ്ട്​. 50 പേരാണ്​ രാജ്യത്ത്​ ഇതുവരെ മരിച്ചത്.

ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ലയെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണെന്നും നേരത്തെ തന്നെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീ​വ് ​ഗൗബ പറഞ്ഞിരുന്നു. ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,ആരോഗ്യ മന്ത്രി കെ.കെ ശൈലജ ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു