മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്രം ഇടപെടണം : സംസ്ഥാനം പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊവിഡ് വൈറസ് ബാധ അല്ലാതെ വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ തടസമാകുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി വിദേശമലയാളികളിൽ ആശങ്കയുണ്ടാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോവിഡ്-19 കാരണമല്ലാതെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിട്ടുണ്ട്. അതിന് നൊ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റോ നിരാക്ഷേപ പത്രമോ ആവശ്യവും ഇല്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ്-19 രോഗമല്ലാത്ത കാരണങ്ങളാല്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചത്.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസ്സങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജി.സി.സി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധാരാളം പരാതികള്‍ ലഭിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ നിര്‍ത്തിവെച്ചത് ഗള്‍ഫ് മലയാളികളെ ഇപ്പോള്‍ തന്നെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമാക്കിയിട്ടുണ്ട്. അതിനിടെയാണ് പുതിയ പ്രശ്നം വന്നിട്ടുള്ളത്.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികളാകട്ടെ, ദില്ലിയിലെ കേന്ദ്ര ആഭ്യന്തര മന്താലയത്തില്‍ നിന്ന് നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷന്‍) വേണമെന്ന് നിര്‍ബന്ധിക്കുന്നു. അന്താരാഷ്ട്ര ഫ്ളൈറ്റകള്‍ നിര്‍ത്തിയതുകൊണ്ട് ചരക്ക് വിമാനങ്ങളിലാണ് ഇപ്പോൾ മൃതദേഹങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തിലുള്ള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

വിമാനടിക്കറ്റ് റീഫണ്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ തീയതികളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് എന്ന നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു