
തിരുവന്തപുരം : മുസ്ലീംലീഗ് എം.എല്‍.എ കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. 2017ല്‍ അഴീക്കോട് സ്ക്കൂള് മാനേജ് മെന്റില്‍ നിന്നും 25 ലക്ഷം രൂപ പൂതംപാറ മുസ്ലീംലീഗ് കമ്മിറ്റി മുഖാന്തരം കൈപ്പറ്റി എന്നും പരാതിയില്‍ പറയുന്നു. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പത്മനാഭനാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിയമസഭ സ്പീക്കറോടും സര്‍ക്കാറിനോടും കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് 2019 നവംബറില്‍ അനുമതി തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് റെയ്ഞ്ച് എസ്.പി പി.സി.സജീവനാണ് അന്വേഷണ ചുമതല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഷാജി കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിക്കെതിരെ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പരസ്യമായി ഷാജിക്കെതിരെ നിലപാടെടുത്തത് വിവാദമായതിനു തൊട്ടുപിന്നാലെയാണ് വിജിലന്‍സ് അന്വേഷണമെന്നത് രാഷ്ട്രീയ നീക്കമായാണ് മുസ്ളീം ലീഗ് കാണുന്നത്.
നാലുവര്‍ഷം മുമ്പേ പരാതിയെക്കുറിച്ച് തനിക്കറിയാമായിരുന്നെന്നും ഇപ്പോഴുള്ള അന്വേഷണം പക പോക്കലാണെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ. പരാതിയില്‍ കഴമ്പുണ്ടെന്ന് അവര്‍ക്ക് തോന്നിയത് ഇന്നലെ മാത്രമാണെന്നും ഒരിക്കല്‍ തന്റെ അക്കൗണ്ട് പരിശോധിച്ച് എഴുതിത്തള്ളിയ കേസാണെന്നും ഷാജി പറഞ്ഞു.