“മുല്ലപ്പള്ളി രാമചന്ദ്രനോട് മുഖ്യമന്ത്രി, കുശുമ്പ് പറയുന്നവരോട് എന്ത് പറയാൻ ” പ്രവാസികളോടുള്ള നയം തിരുത്തില്ല:

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ലോകജനത ആശങ്കയിൽ നിൽക്കുന്ന വേളയിൽ പ്രവാസികൾക്കനുകൂലമായ സംസ്ഥാന സർക്കാറിൻ്റെ നിലപാടിനെതിരെ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടുങ്ങിയ മനസ്ഥിതി ഒരു ദുരന്തമുഖത്തുവെച്ചെങ്കിലും കെ.പി.സി.സി പ്രസിഡണ്ടിന് ഒഴിവാക്കാമായിരുന്നു എന്നും പ്രവാസികളുടെ ക്ഷേമത്തിനെപ്പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരാമര്‍ശങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയാണന്ന് മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രവാസി പ്രമുഖരുമായുള്ള ചര്‍ച്ച പ്രഹസനമാണ് എന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചത്.
പ്രവാസി സ്നേഹിതന്‍മാര്‍ക്ക് കരുതലേകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വിദേശത്തുള്ള പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചത്.
ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും അതിലുണ്ടായിരുന്നു. സാധാരണക്കാരും സംഘടനാ നേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെ. ആദ്യഘട്ടത്തില്‍ അതത് പ്രദേശങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അവരവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടും  ലോകകേരളസഭ അംഗങ്ങള്‍ക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.  അതിനുശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്ളവരും അതത് രാജ്യങ്ങളില്‍ ഇടപെടാന്‍ പറ്റുന്നവരുമായ 20 രാജ്യങ്ങളിലെ 40ഓളം പേരുമായി വീഡിയോ കോണ്‍ഫറസ് നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പങ്കെടുത്തതില്‍ ആരാണ് അസ്പൃശ്യര്‍; കേരളത്തിന് സംസാരിക്കാന്‍ പറ്റാത്ത അതിസമ്പന്നര്‍ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വ്യക്തമാക്കട്ടെ. പ്രവാസലോകത്ത് കേരളീയര്‍ക്കുവേണ്ടി ഇടപെടല്‍ നടത്തുന്ന രവല്ലേ ഇവരെന്ന് അദ്ദേഹം പറഞ്ഞു.

ഒരോ രാജ്യത്തിലെയും അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി, സന്നദ്ധ സംഘടനകളുമായും പ്രമുഖ വ്യക്തികളുമായും ആശയവിനിമയം നടത്തി കോവിഡ്-19 പ്രതിരോധത്തിനായുള്ള ടാസ്ക് ഫോഴ്സിന് രൂപം നല്‍കാനും അതിന് കീഴില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും ആവശ്യപ്പെട്ടു. അതിനായി രാഷ്ട്രീയ സാമൂഹ്യ ഭേദമില്ലാതെ അതത് രാജ്യത്തെ മുഴുവന്‍ സംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകരെയും അതത് രാജ്യത്തിന്‍റെ നിയമാവലിക്കുള്ളില്‍ നിന്നുകൊണ്ട് അണിനിരത്തുന്നതിനുവേണ്ടിയാണ് ആ യോഗത്തില്‍ ആവശ്യപ്പെട്ടത്. അതത് പ്രദേശങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടുവാനും ആവശ്യപ്പെട്ടു.

നിരീക്ഷണത്തിന് വിധേയമായി ഐസോലേഷനില്‍ കഴിയേണ്ടവര്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തുന്നതിനും അതത് രാജ്യത്തെ ആരോഗ്യ പ്രോട്ടോകോള്‍ അനുസരിച്ച് വൈദ്യസഹായവും മരുന്നും ഭക്ഷണവും ലഭ്യമാക്കുന്നതിനും കണ്‍ട്രോള്‍ റൂം ഒരുക്കുന്നതിനും നേതൃപരമായ പങ്കുവഹിക്കണം എന്നുമാണ് പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആവശ്യപ്പെട്ടത്. ഇതിനെല്ലാം നല്ല ഫലം കാണുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെയാണ് രാമചന്ദ്രന്‍ ആക്ഷേപിക്കുന്നതായി കണ്ടത്. അദ്ദേഹം കുറ്റപ്പെടുത്തി.

“ഒരു കാര്യം വ്യക്തമാക്കിയേക്കാം. അത് മുല്ലപ്പള്ളി രാമചന്ദ്രനോട് കൂടിയാണ്. നിങ്ങളുടെ വിമര്‍ശനം കേട്ട് കേരളത്തെ ലോകകേരളമായിക്കാണുന്ന, മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊള്ളുന്ന നയം തിരുത്താന്‍ പോകുന്നില്ല. കാരണം നമ്മള്‍ എത്രമാത്രം കേരളീയരാണോ അത്രമാത്രമോ, അതില്‍ കൂടുതലോ കേരളീയരാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍.” മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു