മിസോറാം രാജ്ഭവനിൽ വിഷുക്കണി ഒരുക്കി ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

ഗവർണർ പി.എസ്.ശ്രീധരൻ പിള്ള

കോഴിക്കോട്: പ്രകൃതി മനോഹാരിതമായ മിസോറാം രാജ്ഭവന് വിഷു ദിനം ചരിത്ര നിമിഷമായിരുന്നു. മലയാളിയുടെ പുതുപ്പിറവി ദിനത്തിൽ രാജ്ഭവനിലും മലയാളിയുടെ വിഷുക്കണി. ഒപ്പം വിഷുകൈനീട്ടവും. ഗവർണർ ആയി ചുമതലയേറ്റ മലയാളി പി .എസ് .ശ്രീധരൻ പിള്ളയുടെ മിസോറാമിലെ ആദ്യ വിഷുദിനമായിരുന്നു.

ഇന്നലെ പുലർച്ചെ എഴുന്നേറ്റ് പുതുപ്പിറവിയെ വരവേറ്റ് ഗവർണർ ആദ്യം വിഷുക്കണി കണ്ടു. രാജ്ഭവനിൽ വിളഞ്ഞ കാബേജും മറ്റു അഞ്ചു തരം പ്രദേശിക കാർഷിക വിളകളുമാണ് ഓട്ടുരുളിയിൽ മുൻകൂട്ടി ഒരുക്കിയത്. പിന്നെ മലയാളത്തിൻ്റെ കണിക്കൊന്ന മിസോറാമിൽ ഇല്ലെങ്കിലും അത്തരത്തിലുള്ള സ്വർണ്ണ മഞ്ഞപ്പൂ താലത്തിലും വിളക്കിനടുത്തും കണിക്കായി വച്ചു. ജീവനക്കാർ മുഴുവൻ പുതിയൊരു അനുഭൂതിയായി വിഷുക്കണി ദർശിച്ചു.

തുടർന്ന് രാവിലെ എട്ടരയോടെ അംഗരക്ഷകർക്കും ജീവനക്കാർക്കും വിഷുകൈനീട്ടം നൽകി. ഒപ്പം ലോകത്തുള്ള മലയാളികൾക്ക് വിഷു സന്ദേശം നൽകാനും മറന്നില്ല.
മഹാമാരിയെ നേരിടുവാൻ ഭാരതത്തിനു കഴിയും. ആ വെല്ലുവിളി നേരിടാൻ ഈ അവസരത്തിൽ വിഷുവിൻ്റെ ആഹ്ലാദവും പ്രത്യാശയും പ്രതീക്ഷയും സമർപ്പണവും മറ്റുള്ള സഹജീവികൾക്ക് വേണ്ടി, മാനവരാശിയുടെ നിലനിൽപ്പിനും കരുതലിന്നും വേണ്ടിയാകണമെന്ന് ഗവർണ്ണർ ഓർമ്മിപ്പിച്ചു.

2019 നവംബർ ആറിനാണ് പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറായി ചുമതലയേൽക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു