
കോഴിക്കോട് : കേരളം ഇനി നിത്യോപയോഗ വസ്തുക്കളില്‍ മുഖാവരണം (മാസ്ക്ക്) നിര്‍ബന്ധമായി കരുതേണ്ടിവരുന്ന ഒരു കാലഘട്ടമാണ് മുന്നിലുള്ളത്. അതിനുള്ള ആദ്യ സൂചനയായാണ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിയത്.
മലയാളിയെ സംബന്ധിച്ച് ഇത് ഉപയോഗിക്കുന്നതൊരു വെല്ലുവിളിയായിരിക്കാന് ഇടയില്ല. കാരണം ഏതൊരു കുടുംബത്തിനും സ്വയം നിര്‍മ്മിക്കാനോ, അതെല്ലെങ്കില്‍ വാങ്ങി ഉപയോഗിക്കാനോ കഴിയുന്നതാണന്ന സൗകര്യം മുന്നിലുണ്ട്. അതിലുപരി മഹാമാരിയായി കണ്ട കൊറോണ നല്കിയ പാഠം ഓരോമലയാളിയുടെയും അനുഭവത്തിലുണ്ട്.
മാസ്ക്ക് ആറ് മണിക്കൂർ മാത്രം ഉപയോഗിക്കാൻ കഴിയൂ എന്ന ആരോഗ്യ രംഗത്തെ നിർദ്ദേശമുണ്ടെങ്കിലും, ഇതിൽ ആശങ്കപ്പെടേണ്ടതില്ല. വീടിനു പുറത്ത് പോകുമ്പോൾ മാത്രമാണ് ഉപയോഗിക്കപ്പെടുന്നതും, യാത്രയിൽ ടൗവ്വൽ പോലെ സൂക്ഷിക്കാൻ കഴിയുന്നതുമാണന്നതിൽ ആശ്വസിക്കാം.
കൊവിഡ് 19 വൈറസ് ബാധ വ്യാപകമായ സാഹചര്യത്തില്‍ രോഗം പടരുന്നത് തടയാന്‍ ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനം കൊണ്ട് സംസ്ഥാനത്തിന് ഇതുവരെയുള്ള ദിവസങ്ങളില്‍ കഴിഞ്ഞെങ്കിലും, പൂര്‍ണ്ണമായും കൊവിഡ് 19 വൈറസിനെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാന്‍ കഴിയില്ലന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഓരോ വ്യക്തിയിലും പരിശോധന നടത്തി വൈറസ് ബാധ കണ്ടെത്തുന്നതിന് പ്രയാസമുണ്ടെന്നത് ഒരുവശം. അതിലുപരി പ്രതിരോധ ശേഷിയുള്ളവരില്‍ രോഗലക്ഷണം പ്രകടമാകാതിരിക്കുന്നതും ആശങ്ക ഉണ്ടാക്കുന്നതാണ്.
ഈ സാഹചര്യത്തില്‍ ജീവിതത്തിലുടനീളം സ്വയം അകലം പാലിച്ചേ കുറഞ്ഞകാലമത്രയും നമുക്ക് മുന്നോട്ടു പോകാന്‍ കഴിയൂ. അതിനൊപ്പം മറ്റുള്ള മനുഷ്യ ജീവന്റെ കരുതലും നമ്മളില്‍ അത്യന്താപേക്ഷ്യതമാണ്. കൊവിഡ് വൈറസ് വ്യാപന കാലത്തിന് മുമ്പ് നാം ഇടപെഴുകി ജീവിച്ച രീതി തത്ക്കാലം മാറ്റിവയ്ക്കേണ്ടിവരുമെന്നതിലേക്കാണ് നാം തുടര്‍ന്നുള്ള നാളുകളില്‍ നീങ്ങുന്നത്. കാരണം വൈറസ് വ്യാപനം തടയാന്‍ നാം സുരക്ഷിതരായിരിക്കണം. പൊതു വാഹനയാത്ര, സമൂഹ ആഘോഷങ്ങള്‍, കൂട്ടംകൂടിയുള്ള യാത്രകള്‍ എല്ലാം ഇനി സുരക്ഷിതമായി നാം ഇടപെടേണ്ട ഇടങ്ങളാണ്. അതിലുപരി ആരോഗ്യ ശുചിത്വവും, മാലിന്യമുക്തവുമായ ഒരു അന്തരീക്ഷവും നമുക്ക് ചുറ്റും സൃഷിടിക്കേണ്ടിവരും. നിലവില്‍ ഉറവിടമാലിന്യ പദ്ധതി ഉണ്ടങ്കിലും ഇതല്ലാം ഓരോ കുടുംബത്തിലും സജീവമായി നടപ്പാക്കേണ്ടിവരും. പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ വ്യക്തി ശുചിത്വവും അതോടൊപ്പം നാം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങള്‍, ഇരിപ്പിടങ്ങള്‍ സ്കൂള്‍ ക്ളാസ്മുറികള്‍ എല്ലാഇടത്തും അടിമുടി ശുചിത്വം പാലിക്കേണ്ടിവരും.
വൃത്തിയില്‍ മലയാളി എന്നും ഒരുപടി മുന്നിലാണ്. ഈ സാഹചര്യത്തില്‍ കൊവിഡിന് ശേഷം മലയാളിയുടെ ജീവിതരീതിയിലും മാറ്റം സംഭവിക്കാം. ആള്കൂട്ടങ്ങളില് നിന്നും അകലം പാലിക്കാന്‍ മാനസികമായി തയ്യാറെടുക്കും. ശുചിത്വത്തില്‍ ഇനി വളരെയേറെ മുന്‍കരുതലെടുക്കും. വീടുകളിലെത്തുന്ന അപരിചിതരില്‍ നിന്നും അകലം പാലിക്കും. വീട്ടിലെത്തുന്ന പരിചിതനാണെങ്കിലും ഒരു മുന്‍കരുതല്‍ ഉണ്ടാകും.
എന്നാൽ ഇത്തരം സന്ദര്‍ഭങ്ങളൊക്കെ മുന്നിലുണ്ടങ്കിലും പഴയ ആഹ്ലാദ ജീവിതം തുടരാനും, ആശങ്കയില്ലാതെ മുന്നോട്ടുള്ള യാത്രയിലും സമൂഹ ബന്ധങ്ങൾ കൂട്ടിയോജിപ്പിക്കാന്‍ ഒരു ഘടകമാകുകയാണ് മുഖാവരണം ( മാസ്ക്ക്) ഉപയോഗിക്കുന്നത് എന്നതിലേയ്ക്കാണ് നാം നീങ്ങേണ്ടത്.
ലോകത്തിലെ പല രാജ്യങ്ങളും മാസ്ക്ക് ധരിക്കുന്നത് ഒരു സംസ്ക്കാരത്തിൻ്റെ ഭാഗമായി മാറ്റിയതാണ്. കൊവിഡ് സുരക്ഷയുടെ ഭാഗമായി പല നിർദ്ദേശങ്ങളാണ് വരുന്നത്. ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർദ്ദേശത്തിൽ നിന്നും മാറി കൂടുതൽ അകലം പാലിക്കണമെന്നും പറയുന്നു. ഈ സാഹചര്യത്തിൽ
മാസ്ക്ക് ധരിക്കുന്നത് നല്ലതാണന്നാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെയും അഭിപ്രായം. ഇതിനായി വീട്ടിൽ തയ്ക്കുന്ന തുണി കൊണ്ടുള്ളതും വൃത്തിയുള്ളതുമായ മാസ്ക്ക് ഉപയോഗിക്കാവുന്നതാണെന്നും ചൂണ്ടി കാണിക്കുന്നു.