
“കാളവണ്ടിയുഗമല്ലിത്… ന്യൂ ജൻ കാലഘട്ടമാണ്.. ” ഈ സംസാരം കേൾക്കാത്തവരില്ല. ആകാശത്ത് വെള്ളി കീറും മുമ്പേ നഗരക്കാഴ്ചയിലേക്ക് ഇറങ്ങുന്നവർ… സന്ധ്യ മയങ്ങിയാലും വീട്ടിലെത്തില്ല.. മാളുകളും പിസ സെൻ്ററുകളും ഫാസ്റ്റ്ഫുഡും കയറി ഇറങ്ങി നഗര വീഥികൾ ആഘോഷമാക്കുന്നവർ…..വാഹനങ്ങൾക്കിടയിലൂടെ മറ്റു യാത്രക്കാരെ ഭീതിപ്പെടുത്തിയുള്ള ബൈക്ക് പ്രകടനങ്ങൾ … എന്തല്ലാം കാഴ്ചകളായിരുന്നു …
എന്നാൽ വുഹാനിൽ നിന്നും ഉയർന്നുപൊങ്ങിയ കൊവിഡ് മലയാളത്തിൻ്റെ സാംസ്ക്കാരിക ജില്ലയിൽ, രാജ്യത്ത് ആദ്യമായി എത്തിയപ്പോൾ നാം കരുതിയില്ല നമ്മുടെ ജീവിത ശൈലി മാറ്റി മറിക്കുമെന്ന്..
ഇന്ത്യയിൽ വെറും അണുവിൻ്റെ രൂപത്തിൽ കൊവിഡ്ഒന്നേ ഒന്നു മാത്രം. എന്നാൽ ഇന്ന് മുപ്പത്തി മൂവ്വായിരം കടന്നു. വ്യാപന ആശങ്കയുണ്ടെങ്കിലും ജാഗ്രത മാത്രം മതി അതിജീവിക്കാനെന്ന നിർദ്ദേശത്തിലൂന്നിയാണ് സർക്കാരുകൾ കൊവിഡിനെ നിയന്ത്രണ വിധേയമാക്കുന്നത്.
കൊവിഡിൻ്റെ പ്രവേശനം രാജ്യത്ത് ദുസൂചന കണ്ടുതുടങ്ങിയപ്പോൾ തന്നെ പ്രധാനമന്ത്രി കർഫ്യു, തുടർന്ന് ലോക്ക് ഡൗണും നടപ്പാക്കി. ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിക്ക് അതേ ആദ്യഘട്ടം ചെയ്യാൻ കഴിയു. തുടർന്ന് ആരോഗ്യരംഗത്തെ അടിസ്ഥാന ആവശ്യത്തിന് 15000 കോടിയുടെ പാക്കേജും. മാസ്ക്കും ബോധവത്ക്കരണവും മറ്റ് അടിയന്തിര സൗകര്യ വികസനത്തിനായിരുന്നു പാക്കേജ്. തുടർന്ന് സംസ്ഥാന സർക്കാർ 2000 കോടിയുടെ പാക്കേജ് ജനജീവിതത്തിനും പ്രഖ്യാപിച്ചു.
തുടർന്നുള്ള ദിവസങ്ങളാണ് ഒരു പരിണാമം കണക്കെ മനുഷ്യനിൽ, കുടുംബങ്ങളിൽ ജീവിത ശൈലികൾ പതുക്കെ മാറി മറിഞ്ഞത്. ലോക്ക് ഡൗൺ കാലം വരുത്തിയ ശീലങ്ങൾ ഗുണകരമായി മാറിയെന്നാണ് വിലയിരുത്തൽ. ഇവ തുടർന്നും ജീവിത ശൈലിയിൽ ഇടം പിടിക്കും. പിടിക്കണം. എങ്കിലേ എന്നേക്കുമായി കൊവിഡിൽ നിന്നും രക്ഷപ്പെടാൻ , പടരാതിരിക്കാനും നമുക്ക് ചെയ്യാൻ കഴിയു.
ഷെയ്ക്ക് ഹാൻഡ് മാറി
പകരം കൈകൂപ്പി നാം..
നാം തൊഴിലിടത്തും മറ്റിടത്തും പരിചിതം പുതുക്കുമ്പോഴും പിരിയുമ്പോഴും ഷെയ്ക്ക് ഹാൻഡ് നൽകിയിരുന്നത് മാറി. വിവിധ സന്ദർഭത്തിൽ നാല് രീതിയിൽ നൽകിയ ഷെയ്ക് ഹാൻഡ് ഇപ്പോൾ കൈകൂപ്പി വണങ്ങലിൽ മാത്രമായി.
സൗഹൃദം മൊബൈൽ
ഫോണിൽ കൂട്ടികെട്ടി
പുറത്തിറങ്ങി നാലാൾ കൂടുന്നിടത്തോ ക്ലബിലോ റോഡ് വക്കിലോ, ബീച്ച്, മറ്റിടങ്ങളിൽ ഇരുന്ന് കഥ പറഞ്ഞും കൂട്ടം കൂടിയും കാലചിത്രങ്ങൾ പങ്ക് വച്ച് ആഹ്ലാദിച്ച നിമിഷം ഓർക്കുക. അത് ഓർമ്മയായി നിൽക്കട്ടെ. ഇപ്പോൾ സൗഹൃദം ഒരു ഫോൺ കൂട്ടിലേക്കായി.
ഹോട്ടൽ ഭക്ഷണ രീതി
പഴയ കഥ..
മലബാറിൻ്റെ മനസ്സിൻ്റെ പ്രത്യേകതയാണ് ഒരു സുഹൃത്തിനെ കണ്ടാൽ വഴിയിൽ നിന്ന് സംസാരിക്കാതെ ഒരു ചായ കുടിച്ച് സംസാരം. ആഴ്ചയിലൊരിക്കൽ കുടുംബത്തോടെ ഒരു പുറം ഭക്ഷണം .. ഇതെല്ലാം മാറി, ഒരു വട്ടമേശയിൽ കുടുംബം വീടിനകത്ത് ഇരുന്ന് ആനന്ദത്തിലായി.
ഷോപ്പിംങ്ങ് ആവശ്യത്തിന്
ഒപ്പം ഓൺ ലൈൻ…
ഇടക്കിടയ്ക്ക്, അല്ലെങ്കിൽ ഒന്നിടവിട്ട് കടയിൽ, സൂപ്പർമാർക്കറ്റിൽ കുടുംബത്തോടെപോയി നടന്ന ഷോപ്പിംഗ് മാറി. അത്യാവശ്യത്തിനായി യാത്ര . പകരം ഓൺലൈൻ സംവിധാനം പരിചയമായി.
സൗന്ദര്യം പ്രകൃതി
ദത്തമായി….
ആഴ്ചയിലും മാസത്തിലുമായി സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ബ്യൂട്ടി പാർലറിൽ പോയ ശീലം വീട്ടിൽ പ്രകൃതിദത്ത രീതിയിൽ ചിന്തിക്കാൻ തുടങ്ങി. പ്രധാനമായും മുടി കറുപ്പിക്കൽ, മുഖ സൗന്ദര്യം നിലനിർത്താൻ. മാസ്ക്ക് വന്നതോടെ ഇനി ലിപ്സ്റ്റിക്കും അവശ്യത്തിന് മാത്രമാകും.
വേഷത്തിൽ വരുന്ന മാറ്റം…
പുരുഷൻമാർ ഇനി ഷർട്ടിനൊപ്പം ഒരു ഷാളും ഫാഷനാക്കും. ചിലർക്ക് എപ്പോഴും മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാകും. ഷാൾ മുഖം മറക്കാൻ ഉചിതമാണന്നത് ഇതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. മാത്രമല്ല ഒരു ഉഗ്രൻ വേഷവുമാകും. കൂടാതെ മാസ്ക്ക് ഉപയോഗികുന്നവർക്ക് വസ്ത്രത്തിൻ്റെ ഡിസൈനിലും ഇനി ലഭ്യമാകും.