മാന്‍ നായാട്ട് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍, ആറു പേര്‍ രക്ഷപ്പെട്ടു

news@kalpatta
മേപ്പാടി കുന്നംമ്പറ്റയില്‍ കേഴമാനിനെ വേട്ടയാടുന്നതിനിടെ നായാട്ട് സംഘത്തിലെ രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയിലായി. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. പുത്തൂര്‍വയല്‍ മണല്‍കുനി സുഭാഷ് ,കല്‍പ്പറ്റ നെടുങ്ങോട് മാണിക്കോത്ത് കുനിയില്‍ പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കുന്നംമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റില്‍ മൃഗവേട്ട നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് വേട്ട സംഘത്തെ പിടികൂടിയത് . കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടം കേന്ദ്രീകരിച്ച് മൃഗവേട്ട നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വനംവകുപ്പ് ഈ പ്രദേശത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ തന്നെ തോട്ടത്തിനു വിവിധ ഭാഗങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചു. നാലു വാഹനങ്ങളിലായി എട്ടുപേര്‍ രാത്രിയില്‍ തോട്ടത്തിലേക്ക് പ്രവേശിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ പിന്തുടര്‍ന്നു. ഇതിനിടയിലാണ് ഇവര്‍ കേഴമാനിനെ വേട്ടയാടുന്നത്. രണ്ടുപേര്‍ പിടിയിലായി . ഇതിനിടയില്‍ ബാക്കിയുള്ള ആറു പേര്‍ ഓടിരക്ഷപ്പെട്ടു. . വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച് തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു പ്രതികളുടെ ഇരുചക്ര വാഹനങ്ങള്‍ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. മേപ്പാടി റേഞ്ച് ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേട്ട സംഘത്തെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതികളെ പിടികൂടുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചതായി വനം വകുപ്പ് ഉദ്യേഗസ്ഥര്‍ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു