മാദ്ധ്യമങ്ങൾക്കെതിരെ ഫേസ്ബുക്ക് ലൈവ്: പ്രതിഭ എം.എൽ.എയ്‌ക്ക് താക്കീത്, നടപടി വന്നേക്കും

ആലപ്പുഴ: നാടെങ്ങും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ ഡി.വൈ.എഫ്..ഐ നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ ഫേസ്ബുക്കിലൂടെ പരാമർശങ്ങൾ നടത്തി വിവാദം സൃഷ്ടിച്ച കായംകുളം എം.എൽ.എ യു.പ്രതിഭാഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാർട്ടി പ്രവർത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ് എം.എൽ.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. എം.എൽ.എക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
“തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കണ ” മെന്നുമാണ് എം.എൽ. എ ഫേസ് ബുക്ക് ലൈവിലൂടെ മാദ്ധ്യമ പ്രവർത്തകരെ പരിഹസിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാർട്ടി ഇടപെട്ടത്.”ഫേസ് ബുക്ക് ലൈവിൽ നടത്തിയ പരാമർശം പാർട്ടിപ്രവർത്തകരിൽ ചിലർ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ അത് പരിശോധിച്ചശേഷം എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ആലപ്പുഴ ജില്ലയിലെങ്ങും പാർട്ടി പ്രവർത്തകരും ജന പ്രതിനിധികളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സമയമാണ്. ഏതാനും ദിവസം മുമ്പ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ ചിലരും എം.എൽ.എയും തമ്മിലും സമൂഹമാദ്ധ്യമങ്ങളിലൂടെ വാക്പോരുണ്ടായി. ഇതിലും രണ്ടുകൂട്ടരിൽ നിന്നും വിശദീകരണം തേടുമെന്ന് നാസർ വെളിപ്പെടുത്തി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ വീട്ടിൽ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എൽ.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമർശനം. കൊവിഡിനേക്കാൾ വലിയ വൈറസുകളുണ്ടെന്ന് ആ വിമർശനത്തിനെതിരെ യു. പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളിൽ നിറഞ്ഞ തർക്കം റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിഭ മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞത് .
കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ വാവ സുരേഷിനെ വിളിച്ച് ചില വിഷപാമ്പുകളെ മാളത്തിൽ നിന്ന് ഇറക്കാനുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു പ്രതിഭ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട സമയത്ത് എം.എൽ.എ ഓഫീസ് പൂട്ടി പ്രതിഭ വീട്ടിൽ ഇരിക്കുകയാണെന്ന് കായംകുളത്തെ ഡി.വൈ.എഫ്.ഐ നേതാക്കളും വിമർശിച്ചിരുന്നു. ഈ സംഭവങ്ങൾ വാർത്തയാക്കിയതിൽ പ്രകോപിതയായാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെയുള്ള എം.എൽ.എയുടെ പരിഹാസം.
എം.എൽ.എ പരസ്യമായി മാപ്പു പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു