
ഇരിട്ടി: കൊവിഡ് 19 എന്ന മഹാമാരിയെപ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിപത്തിന്റെ കണ്ണിയറുക്കാൻ സൗജന്യമായി മാസ്ക്ക് നിർമ്മിച്ച് നൽകി ആദിവാസി വീട്ടമ്മ മാതൃകയാവുന്നു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കി താമസക്കാരിയായ പി.കെ.ശ്രുതിയെന്ന വീട്ടമ്മയാണ് കൊറോണ വൈറസ് പ്രതിരോധത്തിന് സഹായകരമായ രീതിയിൽ സൗജന്യമായി മാസ്ക്കുകൾ നിർമ്മിച്ചു നൽകുന്നത് .
തയ്യൽ തൊഴിലാളിയായ യുവതി സമീപ പ്രദേശത്തെ വീടുകളിലെ ആളുകൾ തയ്ക്കാൻ കൊണ്ടുവരുന്ന തുണികളിൽ മിച്ചം വരുന്ന കോട്ടൺ തുണികൾ കൊണ്ടാണ് മാസ്കുകൾ നിർമ്മിക്കുന്നത്. കൊറോണയേ ചെറുക്കാൻ മാസ്ക്കുകൾ ഉപയോഗിച്ച്, സാമൂഹിക അകലം പാലിക്കുന്നത് കൊണ്ടാകുമെന്ന സന്ദേശം തന്റെ പ്രദേശത്തെ ആദിവാസി കൾക്കിടയിൽ എത്തിക്കാൻ തന്റെ ഈ പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ഈ വീട്ടമ്മ. ലോക്ക്ഡൗൺ കാലമായതിനാൽ വീട്ടിന് വെളിയിൽ പോകാൻ സാധിക്കാത്തതിനാൽ മാസ്ക്കുകൾ നിർമ്മിച്ചു നൽകുവാൻ കിട്ടുന്ന ഈ അവസരം വീട്ടിലിരുന്ന് സാമൂഹ്യ പ്രവർത്തനം നടത്താനുള്ള ഭാഗ്യമായി കരുതുന്നതായും മഹാമാരിയിൽ നിന്നും തന്റെ നാടിനെ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനത്തിൽ മറ്റുള്ളവരെപോലെ തന്നെ ഒരു എളിയ സേവന പ്രവൃത്തിയിലൂടെ നടത്താൻ സാധിച്ച അവസരം അഭിമാനകരമായി തോന്നുന്നതായി സന്തോഷത്തോടെ ശ്രുതി പറഞ്ഞു.
ഇതിനകം മൂന്നുറിൽ പരം മാസ്ക്കുകൾ നിർമ്മിച്ചു നൽകിയതായി ശ്രുതി പറഞ്ഞു . ആവശ്യക്കാർ വീട്ടിൽ അന്വേഷിച്ചു വന്നാൽ അപ്പോൾ തന്നെ മാസ്ക്ക് നിർമ്മിച്ച് നൽകും.ഈ വീട്ടമ്മ കാണിക്കുന്ന മാതൃക പൊതു സമൂഹവും ഏറ്റെടുത്താൽ നിശ്ചയമായും മഹാമാരിയുടെ വ്യാപനം തടയാൻ കഴിയും. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ ഓരോരുത്തരും സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കാൻ കഴിയണം. പുനരധിവാസ മേഖലയിലെ ബോധവൽകരണം അധികൃതർക്ക് ഏറെ ശ്രമകരമായ സാഹചര്യത്തിൽ ഇവരുടെ ഈ പ്രവർത്തനം ഏറെ മുതൽ കൂട്ടായി തീരുന്നുണ്ട്. പ്രദേശത്ത് എത്തുന്ന പൊലീസ്, ആരോഗ്യ വകുപ്പ്, പൊതുപ്രവർത്തകർ എന്നിവർക്കും ഇവർ സൗജന്യ മാസ്ക് നിർമ്മിച്ച് നൽകുന്നുണ്ട്.