മലേഷ്യയിൽ നായക്കുട്ടിക്ക് ശസ്ത്രക്രിയ; വയനാട് വെറ്ററിനറി ഡോക്ടര്‍മാര്‍ തുണയായി

വെറ്ററിനറി മേഖലയില്‍ ആദ്യത്തെ
ടെലി  ഗൈഡഡ് ശസ്ത്രക്രിയ

news@waynad
വെറ്ററിനറി മേഖലയില്‍ ആദ്യമായി ടെലി ഗൈഡഡ് ശസ്ത്രക്രിയ. മലേഷ്യയിലെ പെനാംഗിനു സമീപം വിന്‍സര്‍ മൃഗാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച മിനിയേച്ചര്‍ പിന്‍ഷന്‍ ഇനത്തില്‍പ്പെട്ട രണ്ടു മാസം പ്രായമുള്ള മാക്‌സ് എന്ന നായക്കുട്ടിക്കായിരുന്നു ശസ്ത്രക്രിയ. 

വയനാട് പൂക്കോട് വെറ്ററിനിറി കോളേജിലെ ഡോക്ടര്‍മാര്‍ ടെലി മീഡിയ സംവിധാനത്തിലൂടെയാണ് സങ്കീര്‍ണമായ തൊറാസിക് ശസ്ത്രക്രിയയ്ക്കു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. വാസ്‌ക്യൂലാര്‍ റിംഗ് അനോമലി എന്ന ജന്‍മവൈകല്യത്തില്‍നിന്നാണ് ശസ്ത്രക്രിയയിലൂടെ മാക്‌സ് മോചിതനായത്. ഭ്രൂണാവസ്ഥയിലിരിക്കെ മഹാരക്തധമനി ശ്വാസകോശത്തിലേക്കുള്ള രക്തധമനിയുമായിചേര്‍ന്ന് അന്നനാളത്തിനുചുറ്റുമായി വലയം സൃഷ്ടിക്കുകയും  അന്നനാളം അതിനുള്ളില്‍ ഞെരുങ്ങിപ്പോകുകയും ചെയ്യുന്നതാണ് വാസ്‌ക്യൂലാര്‍ റിംഗ് അനോമലി. കഴിക്കുന്ന ആഹാരം കെട്ടിക്കിടന്നു അന്നനാളം ക്രമാതീതമായി വികസിക്കാനും ഇത് കാരണമാകും.

മിനിയേച്ചർ പിൻഷൻ

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ഡീന്‍ ഡോ.കോശി ജോണ്‍, ആശുപത്രി മേധാവി ഡോ.കെ.സി.ബിപിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡോ.എസ്.സൂര്യദാസ്, ഡോ.എന്‍.എസ്. ജിനേഷ്‌കുമാര്‍, ഡോ.ജിഷ ജി.നായര്‍, ഡോ.ഇ.സി.പ്രവീണ്‍ എന്നിവരാണ് ശസ്ത്രിക്രിയയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിയത്. മാക്‌സിനെ ചികിത്സയ്‌ക്കെത്തിച്ച ആശുപത്രിയില്‍ വെറ്റനനറി യൂണിവേഴ്സ്റ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ  കേരളത്തില്‍നിന്നുള്ള ഡോ.ഷിബു സുലൈമാന്‍ സേവനം ചെയ്യുന്നുണ്ട്.

പൂക്കോട് മൃഗാശുപത്രിയിൽ നിന്ന്

ശസ്ത്രിക്രിയ നടത്തുന്നതിനുഇദ്ദേഹം മലേഷ്യയിലെ പ്രഗത്ഭരായ വെറ്ററിനറി ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍  പരിചയക്കുറവ് അറിയിച്ചു. ഇതേത്തുടര്‍ന്നു ഡോ.ഷിബു പൂക്കോട് വെറ്ററിനറി കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.സൂര്യദാസിനെ ബന്ധപ്പെട്ടതും  ഡീന്‍ ഡോ.കോശി ജോണിന് കത്തയച്ചതുമാണ് ടെലി ഗൈഡഡ് ശസ്ത്രക്രിയ്ക്കു വഴിയൊരുക്കിയത്.
പൂക്കോടുനിന്നു നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മലേഷ്യയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കു സൗകര്യം ഒരുക്കിയത്.മാക്‌സിന്റെ കുറഞ്ഞ പ്രായവും ശരീരഭാരവും അനസ്തീഷ്യക്കും ശസ്ത്രക്രിയയ്ക്കും  വെല്ലുവിളിയായിരുന്നുവെന്നു ഡോ.സൂര്യദാസ് പറഞ്ഞു. അഞ്ചു മണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. വിന്‍സര്‍ ആശുപത്രിയിലെ ഡോ.ഷിബു സുലൈമാന്‍, ഡോ.ശിവകുമാര്‍സിംഗ്, ഡോ.തെഐലിംഗ്, ഡോ.അമല്‍ ഭാസ്‌കര്‍ എന്നിവര്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു