“ഭാരതാംബതൻ ഓമന പുത്രനായി” ‘സഖാവ് ‘ വൈറലാകുന്നു

news@kasarkode
കൊവിഡിനെ തുരത്തുന്നതില്‍ ലോകത്തിന് മാതൃകയായ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ചാ വിഷയമാണ്. വൈകീട്ട് ആറിന് നടത്തുന്ന കൊവിഡിനെ കുറിച്ചുള്ള പ്രത്യേക വാര്‍ത്താസമ്മേളനം ജനപ്രിയ മുഖ്യമന്ത്രിയാകാന്‍ കാരണമായി.

പത്തുലക്ഷത്തോളം പേര്‍ ഈ പരിപാടിക്ക് ആസ്വാദകരായുണ്ട്. കേരള രാഷ്ട്രീയത്തിലെ ധര്‍മ്മിഷ്ടനായ ഭരണാധികാരി, സ്വന്തം ജീവിതം തന്നെ തൊഴിലാളി വര്‍ഗ താല്‍പ്പര്യത്തിന്റെ ക്ഷേമത്തിനായി നീക്കിവെച്ച പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തയ്യാറാക്കിയ
സംഗീത ശില്‍പ്പം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കൊവിഡിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളെ പ്രകീര്‍ത്തിക്കുകയാണ് ‘ ‘സഖാവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംഗീത വിരുന്ന്.
വിഷുദിനത്തില്‍ പുറത്തിറങ്ങിയ സംഗീത ശില്‍പ്പം ഇതിനകം തന്നെ ആസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. കാസര്‍കോട്ടെ ഒരു സംഘം കലാകാരന്മാര്‍ ഒത്തു ചേര്‍ന്നാണ് 
‘സഖാവ്’ ചിട്ടപ്പെടുത്തിയത്. രഞ്ജിത്ത് പത്മനാഭന്‍ രചന നിര്‍വ്വഹിച്ച് ഒരുക്കിയ സംഗീത ശില്‍പ്പം “ആശ്ലേഷിച്ചു അണിചേര്‍ന്നു ഭാരതാംബ തൻ ഓമന പുത്രനായി…..” എന്ന വരികളോടെയാണ് ആരംഭിക്കുന്നത്.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ വിഡിയോവില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഗായകന്‍ ഉമേഷ് നീലേശ്വരമാണ് ഈണവും ആലാപനവും നിര്‍വഹിച്ചത്. ടി.വി. സുരേഷ്ബാബു നീലേശ്വരമാണ് കോര്‍ഡിനേററര്‍. എ.കെ.വി മീഡിയ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചൊരുക്കിയ ശില്‍പ്പം മാണിയാട്ടെ വി.എസ് അഖില്‍രാജ്, പ്രോഗ്രാമിങ്ങും, അഖില്‍രാജ് മിക്‌സിംഗും നിര്‍വ്വഹിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു