
തിരുവനന്തപുരം : ലോക്ക് ഡൗണ്‍ രണ്ടാംഘട്ട ഇളവുകളില്‍ സംസ്ഥാനത്ത് ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകുക. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവില്ല. നിയന്ത്രണവിധേയമായിട്ടാണ് അനുമതി. കേന്ദ്രം പുറപ്പെടുവിച്ച നിര്‍ദ്ദേശിച്ചതനുസരിച്ച് മാസ്ക്ക് നിര്‍ബന്ധമായും ഉപയോഗിക്കണം.
കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളിലും ഇളവ് നല്‍കും. എന്നാല്‍ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ച പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നി ജില്ലകള്‍ക്ക് ഏപ്രില്‍ 24 ന് ശേഷം ഭാഗിക ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ മൂന്ന് സോണുകളായി തിരിക്കാന്‍ കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്ക് ഭാഗികമായി ജനജീവിതം അനുവദിക്കണം. കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് പൂര്‍ണ ഇളവ് അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ സോണുകളായി തിരിച്ചത്. ഇതിന് കേന്ദ്രാനുമതി തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.