ഫയർഫോഴ്സിന് തീ അണക്കൽ മാത്രമല്ല ജോലി, ഓടും തീവേഗത്തില്‍ മരുന്നുമായി

കൊച്ചി: ആവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂര്‍ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികള്‍….. മരുന്നുള്ളത് എറണാകുളത്ത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ കൊറോണക്കാലത്തെ സേവനത്തെക്കുറിച്ചറിയുന്നത്.
ഉടന്‍ 101 ല്‍ വിളിച്ചു… എറണാകുളം ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് വിളിച്ചയാള്‍ അറിയിച്ചു… രാവിലെ പതിനൊന്നരയോടെ മരുന്ന് ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ എത്തുന്നു. ഉടന്‍ അവിടെയുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ബിജോയ് കെ. പീറ്റര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. എസ്. ശ്യാംകുമാര്‍, എ. പി. ഷിഫിന്‍ എന്നിവര്‍ ജീപ്പുമായി നിലമ്പൂരിലേക്ക്…..

അവര്‍ അവിടെ നിന്ന് പുറപ്പെട്ടപ്പോഴേക്കും ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഓഫീസര്‍ എ. ഉണ്ണികൃഷ്ണന്‍ നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് വാട്‌സാപ്പ് വഴി മരുന്ന് എത്തിക്കേണ്ടവരുടെ മേല്‍വിലാസം അയച്ചുനല്‍കുന്നു. നിലമ്പൂര്‍ ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അഡ്രസിലുള്ള ദമ്പതികളുടെ വീട് കണ്ടെത്തുന്നു.

ഉച്ചഭക്ഷണത്തിന് പോലും എവിടെയും നിര്‍ത്താതെ മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലമ്പൂരിലെത്തുന്നു. ഉടന്‍ നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഒരു സംഘം മരുന്നുമായെത്തിയവര്‍ക്ക് വഴികാണിക്കുന്നു. നാലുമണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികള്‍ക്കുള്ള മരുന്ന് കൈമാറുന്നു. ചുങ്കത്തറ രാമച്ചംപാടംത്തെ വിലങ്ങാട്ട് സേവ്യര്‍, ഭാര്യ ഏലിയാമ്മ സേവ്യര്‍, കുറ്റിമുണ്ട മരിയസദനത്തില്‍ കോട്ടപ്പറമ്പില്‍ ജേക്കബ് എന്നിവര്‍ക്കാണ് മരുന്നെത്തിച്ചു നല്‍കിയത്.

പിന്നെ കണ്ട കാഴ്ച ലോക്ക്ഡൗണില്‍ അതിവേഗം മരുന്ന് എത്തിച്ചു നല്‍കിയ ഫയര്‍ ഫോഴ്‌സിന് നന്ദി അര്‍പ്പിക്കുകയാണവര്‍…. കോറോണക്കാലത്തെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ വേറിട്ട സേവനപ്രവര്‍ത്തനമായി ഇത്. ലോക്ക്ഡൗണ്‍ കാരണം അത്യാവശ്യ മരുന്നുകള്‍ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നവര്‍ക്ക് 101 ല്‍ വിളിച്ചാല്‍ സേവന സന്നദ്ധരായ ഫയര്‍ സര്‍വീസിന്റെ സേവനം ലഭ്യമാക്കുമെന്ന് ഡയക്ടര്‍ ജനറല്‍ അറിയിച്ചിരുന്നു.

നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ. എസ്. പ്രദീപ്, കെ. മനേഷ്, എം. കെ. സത്യപാലന്‍ എന്നിവരാണ് മരുന്ന് ദൂതര്‍ക്ക് വഴികാട്ടിയായി ഉദ്യമത്തില്‍ പങ്കാളികളായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു