പ്രവാസികൾക്ക് ആശ്വാസം, കേന്ദ്രം വിമാനം അനുവദിച്ചാൽ കേരളം സജ്ജം: മുഖ്യമന്ത്രി

കൂടുതൽ പേർ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന്

കൊവിഡ് വ്യാപനം വന്നതോടെ വിദേശ രാജ്യങ്ങളിൽ തിരിച്ചു വരാൻ കഴിയാതെയായ പ്രവാസികൾക്ക് ആശ്വാസ പദ്ധതി ഒരുക്കി കേരളം. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രാഥമിക കണക്കനുസരിച്ച് സംസ്ഥാനത്ത് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേര്‍ എത്തുക എന്ന് വ്യക്തമായിട്ടുണ്ട്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന 2.76 ലക്ഷത്തിലധികം പേര്‍ നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് 150ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ വിവര ശേഖരണം സംബന്ധിച്ച ചുമതല നോര്‍ക്കക്കാണ്.

തിരിച്ചു വരുന്നവർ നിർബന്ധമായും പൂർണ്ണ സുരക്ഷാവലയത്തിലായിരിക്കും. ഇതിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഒരുക്കം സജീവമായി. ഇതിനായി സർക്കാർ പ്രത്യേക സെക്രട്ടറിതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വിമാനത്താവളം കേന്ദ്രീകരിച്ചും പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാകും.

വിമാനത്താവളത്തില്‍ വിപുലമായ പരിശോധനയ്ക്ക് സംവിധാനം ഉണ്ടാകും. വൈദ്യപരിശോധന സൗകര്യമുണ്ടാകും. തിക്കും തിരക്കുമില്ലാതെ എല്ലാം സുഗമമായി നടത്തുന്നതിന് പൊലീസിന്‍റെ സഹായമുണ്ടാകും. ഇതിനു പുറമെ ഓരോ വിമാനത്താവളത്തിന്‍റെ പരിധിയില്‍ വരുന്ന ജില്ലകളുടെയും മേല്‍നോട്ടത്തിന് ഓരോ ഡിഐജിമാരെ നിയോഗിക്കും.  

രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പ്രത്യേക വാഹനത്തില്‍ സര്‍ക്കാര്‍  തന്നെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. അവരുടെ  ലഗേജ് വിമാനത്താവളത്തില്‍ നിന്ന് എടുത്ത് വീടുകളില്‍ എത്തിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പുകളുടെയും എയര്‍പോര്‍ട്സ് അതോറിറ്റിയും പ്രതിനിധികളുള്ള കണ്‍ടോള്‍ റൂം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്.

രോഗലക്ഷണം ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്‍റൈന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും വിമാനത്താവളത്തില്‍ നിന്ന് അവരെ വീടുകളിലേക്ക് അയക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കൃത്യമായ വൈദ്യ പരിശോധന ഉറപ്പാക്കും. ഇതിന് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സ്വന്തം ആരോഗ്യ നിലയെക്കുറിച്ച് അന്നന്ന് മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമം വഴിയോ ആരോഗ്യവിഭാഗത്തിന് വിവരം നല്‍കണം. എന്തെങ്കിലും കാരണവശാല്‍ അത്  ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി വിവരം ശേഖരിക്കും. വീടുകളില്‍ ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിന് വാര്‍ഡ്തല സമിതികള്‍ക്ക് ചുമതല നല്‍കും.  തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും ഇതില്‍ പങ്കാളികളാകും.

പ്രവാസികളെ താമസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം ആവശ്യമായ  സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. അതുപോലെ ആശുപത്രികളും ഇപ്പോള്‍ തന്നെ സജ്ജമാണന്ന് മുഖ്യമന്ത്രി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു