പരീക്ഷകള്‍ മേയ് രണ്ടാം വാരത്തില്‍, ഓണ്‍ലൈന്‍ പരീക്ഷ പ്രായോഗികമല്ല : മന്ത്രി കെ.ടി.ജലീല്‍

മലപ്പുറം : ഒന്നാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടനു ബന്ധിച്ച് സംസ്ഥാനത്ത് മാറ്റിവച്ച പരീക്ഷകള്‍ മേയ് രണ്ടാംവാരത്തോടെ നടക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. എന്നാല്‍ നിലവിലുള്ള സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വീണ്ടുമൊരു തീരുമാനമെടുത്താല്‍ അത് പരീക്ഷകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തുന്നത് പ്രായോഗിഗമാകണമെന്നില്ല. നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തില്‍ ചോദ്യങ്ങള്‍ക്ക് വലിയ ഉത്തരങ്ങള്‍ ഉണ്ടാകും. ഇത് ഓണ്‍ലൈന്‍ പരീക്ഷ എഴുതുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കും. എങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരും. നിലവില്‍ ഓണ്‍ലൈനില്‍ പഠനം ആരംഭിച്ചിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ പഠനഫീസ് നിര്‍ബന്ധപൂര്‍വ്വം വാങ്ങുന്നത് നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാനുഷ്യക പരിഗണന വച്ച് ഇത്തരം രീതി വിദേശത്ത് പഠിക്കുന്ന കുട്ടികളോടും വാങ്ങാതിരിക്കയാണ് വേണ്ടത്. പ്രവാസികള്‍ക്കായി പ്രത്യേക വിമാനം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. വിദേശത്ത് ബുദ്ധിമുട്ടുന്ന പ്രവാസികളുടെ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അവശ്യക്കാരെ എത്രയും പെട്ടെന്ന് എത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പക്ഷെ കേന്ദ്രത്തോട് പറയുകയല്ലാതെ മറ്റ് വഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു