
കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യം ജാഗ്രതപുലര്‍ത്തുമ്പോള്‍ ഒപ്പം ജനങ്ങളും ജാഗരൂകരായി നില്‍ക്കുകയാണ്. സ്വയം രക്ഷക്കായി പലവഴികളും തേടുമ്പോള്‍ അത് മറ്റുള്ളവന് ബുദ്ധിമുട്ടുണ്ടാക്കാത്ത അവസ്ഥയിലായിരിക്കണം എന്നുകൂടി നാം ചിന്തിക്കേണ്ടതാണ്. വൈറസ് വാഹകരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് ഭൂരിപക്ഷവും രോഗം കണ്ടത്തിയത്. അതിനാല്‍ സമ്പര്‍ക്കം പാടില്ലെന്നും വീടിനുപുറത്തിറങ്ങാതെ സമൂഹവ്യാപനം തടയാന്‍ എല്ലാവരും വീട്ടില്‍ കഴിയണമെന്നാണ് സര്‍ക്കാരും ആരോഗ്യവിദഗ്ദരും ഈ അവസരത്തില്‍ പറയുന്നത്.
ഇതിനിടയില്‍ പലര്‍ക്കും പുറത്തു പോകേണ്ടിവരും. അത്തരക്കാര്‍ ഈ സാഹചര്യത്തില്‍ മാസ്ക്ക് ധരിക്കുന്നത് നല്ലതാണ്. രോഗം പകരാതിരിക്കുന്നതിലുപരി, മറ്റുള്ളവന് നിങ്ങളിലുണ്ടാകുന്ന വൈറസ് രോഗങ്ങള്‍ പകരാതിരിക്കാന്‍ മാസ്ക്ക് ധരിക്കുന്നത് നല്ലതാണ്. തുമ്മലോ, ജലദോഷമോ ഉള്ളവര്‍ പൊതു ഇടത്തില്‍ പ്രവേശിക്കുമ്പോള്‍ ഇത് മറ്റുള്ളവന് പകരാതിരിക്കാന്‍ മാസ്ക്ക് ഉപയോഗിക്കാം. അതിലുപരി നിങ്ങള്‍ കൊവിഡ് 19 വൈറസ് വാഹകനല്ലെന്ന് പറയാന്‍ കഴിയില്ല. പുതിയ നിരീക്ഷണത്തില്‍ ലക്ഷണങ്ങളില്ലാതെയും കൊറോണ രോഗം ഉണ്ടായത് ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ ഒരു ബോധം പൊതുജനത്തിന് ആവശ്യമാണ്.
കൊവിഡ് 19 രാജ്യത്ത് സ്ഥിരീകരിച്ചോടെ ജനങ്ങള്‍ തുടക്കം മുതല്‍ ഒന്നടക്കം മാസ്ക്ക് ഉപയോഗം ആരംഭിച്ചിരുന്നു. എന്നാല്‍ ഉപയോഗിച്ച മാസ്ക്കുള്‍ അത്രതന്നെ പൊതുഇടത്തില്‍ ഉപേക്ഷിക്കുകയാണ് പലരും ചെയ്തത്. ഇത് മറ്റൊരു മഹാമാരിയെ ക്ഷണിച്ചുവരുത്തലാകും. ഇപ്പോഴും ഉപയോഗിച്ച് കഴിഞ്ഞ മാസ്ക്കുകള്‍ പൊതു ഇടത്തില്‍ വലിച്ചെറിയുകയാണ്. നമ്മുടെ നാട്ടിലെ ഇടവഴികളിലും റോഡിലും നഗരങ്ങളിലും ഇപ്പോള്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇത്തരം കാഴ്ചകള്‍ കാണാന്‍ കഴിയും.
കൊവിഡ് 19 വൈറസ് രോഗവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചാലും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ഈ നിയന്ത്രണങ്ങളില്‍ ഒന്നായിരിക്കും പുറത്തിറങ്ങുമ്പോള്‍ മാസ്ക്ക് ധരിക്കുക എന്നത്. എന്നാല്‍ സാധാരണക്കാര്‍ ഇപ്പോള്‍ കടകളില്‍ ലഭ്യമാകുന്ന മാസ്ക്ക് ധരിക്കേണ്ടതില്ലെന്നാണ് പറയുന്നത്. രോഗവാഹകരല്ലാത്തവര് സാധാരണ തുണികൊണ്ട് നെയ്തെടുത്ത മാസ്ക്കുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ അറിയിച്ചിരുന്നു. വിവിധയിനം മാസ്ക്കുകള്‍ വിവിധ കമ്പനികള്‍ നിര്‍മ്മിക്കുന്നത് ആരോഗ്യ രംഗത്തെ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്‍ 95, സര്‍ജ്ജിക്കല്‍, എഫ്എഫ്പി1, ആക്ടിവേറ്റ് കാര്‍ബണ്‍ തുടങ്ങിയവയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇതൊന്നും പൊതു ഉപയോഗത്തിനുള്ളതല്ല. ഇവയില്‍ ചിലത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പല രോഗികളും ഉപയോഗിക്കുന്നതാണ്. അതും രോഗവാഹകര്‍ ഒരു മാസ്ക്ക് ആറുമണിക്കൂറിനുശേഷം ഉപയോഗിക്കാന്‍ പാടില്ലെന്നും പറയുന്നു. ഇതില്‍ നാം ഇപ്പോള്‍ ഉപയോഗിക്കുന്നതേറെയും സര്‍ജ്ജിക്കല്‍ മാസ്ക്ക് ആണ്.
കോവിഡ് നിയന്ത്രണ വിധേയമായി തുടര്‍ ദിവസങ്ങളില്‍ ജീവിക്കുമ്പോള്‍ പലപ്പോഴായി പുറത്തു ജോലിക്ക് പോകേണ്ടിവരും. ഈ അവസരത്തിലാണ് നമ്മള്‍ക്ക് മാസ്ക്ക് ആവശ്യമായി വരുന്നത്. ടൗവ്വല്(തൂവാല) പോലെ നിത്യോപയോഗത്തില് വേണ്ടത്. ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് തന്നെ പ്രതിദിനം രണ്ട് മാസ്ക്കുകള്‍ വേണ്ടിവരും. ഇത് വസ്ത്രത്തെപ്പോലെ, വസ്ത്രത്തിനനുസരിച്ച കളര്‍ ഡിസൈനില്‍ തയ്ച്ച് ഉപയോഗിക്കാവുന്നതാണ്. വിപണികള്‍ സജീവമാകുമ്പോള്‍ നാം ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച ഡിസൈനില്‍ ക്ലോത്ത് മാസ്ക്കുകള്‍ വിപണി കൈയ്യടക്കും എന്നതില്‍ സംശയം വേണ്ട. വീട്ടില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഇത്തരം മാസ്ക്കുകള്‍ കഴുകി ഉണക്കി ചുടുപെട്ടിയില് (അയേണ്‍ ബോക്സ്)തേച്ചെടുത്ത് വീണ്ടും നാം ഉപയോഗിക്കുക വഴി ഒരു മാലിന്യത്തെക്കൂടിയാണ് നാം പൊതു ഇടത്തില്‍ നിന്നും മാറ്റുന്നതെന്ന സമൂഹനന്മകൂടിയാണ് ചെയ്യുന്നതെന്നത് ഓര്‍ക്കേണ്ടതാണ്.