ദേശം മറന്ന മലയാഴ്മ: മുഖ്യമന്ത്രി പറഞ്ഞു… പ്രവാസ ലോകത്തും കൃഷിഇറക്കി മങ്കമാര്‍

web desk
ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവര്‍ പച്ചക്കറി കൃഷിക്ക് സമയം കണ്ടെത്തണമെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനത്തിന് പിന്തുണയുമായി പ്രവാസി കുടുംബങ്ങളും. ഭൗമ ദിനത്തില്‍ ക്ളിഫ് ഹൗസിലെ വീട്ടില്‍ പച്ചക്കറി തൈകള്‍ നട്ട മുഖ്യമന്ത്രിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിദേശത്തെ താമസ സ്ഥലത്ത് പച്ചക്കറി തൈകള്‍ നട്ടാണ് ഗ്രൂപ്പ് ടണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോലയും ബന്ധു സുഹറ മജീദ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ഡയറക്ടര്‍ ഫൈസല്‍ റസാഖ് എന്നിവരുടെ കുടുംബങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം നടപ്പാക്കിയത്.

ഡോ. അബ്ദുറഹിമാന്റെ ഭാര്യ ഷറീനയും ബന്ധു സുഹറയും ഡോ. വിവി. ഹംസയുടെ ഭാര്യ റൈഹാനത്തും പ്രവാസ ലോകത്ത് ഗാര്‍ഹിക തോട്ടം നട്ടുവളര്‍ത്തി മരുഭുമിയെ മലര്‍വാടിയാക്കാമെന്ന് നേരത്തെ തെളിയിച്ചവരാണ്. ഓരോ വീടുകളിലും പച്ചക്കറി നടണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം വളരെ പ്രധാനപ്പെട്ടതാണെന്നും വലിയ പ്രയാസമില്ലാതെ തന്നെ നടപ്പാക്കാനാകുമെന്നും പ്രവാസി കുടുംബങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയായിരുന്നു.

‘മണ്ണും പെണ്ണും വിചാരിച്ചാല്‍ നന്നാക്കിയെടുക്കാമെന്ന’ ചൊല്ലില്‍ കാര്യമുണ്ടെന്നും ഈ രംഗത്തെ അനുഭവ സാക്ഷ്യം ഏറെ പ്രചോദനമാണെന്നും ഷറീന റഹ്മാന്‍ പറഞ്ഞു. മനുഷ്യന്‍ മണ്ണിനോട് അകന്നപ്പോഴൊക്കെ അതിസങ്കീര്‍ണമായ പ്രശ്നങ്ങളാണ് ഉണ്ടാവുകയെന്നും ഓര്‍മ്മിപ്പിച്ചു. വീട്ടിലെ കഞ്ഞി വെള്ളവും, പച്ചക്കറി, മല്‍സ്യ മാംസാദികളുടെ അവശിഷ്ടം ചെടികള്‍ക്കും ചുറ്റും കുഴിച്ചിട്ടാണ് പ്രകൃതിപരമായ ജൈവവളം ലഭ്യമാക്കുന്നത്. സുഹറയാണ് കൃഷിക്കായി കൂടുതല്‍ സമയം ചിലവഴിക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഷറീനയും സജീവമാകും.

കേരളത്തിന്റെ പാരമ്പര്യമായ തെങ്ങും കവുങ്ങും മാവും പ്ളാവും പുളിയും കരിമ്പുമൊക്കെ ഈ മണലാരണ്യത്തില്‍ വളര്‍ന്നുതുടങ്ങിയതോടെ കൃഷി വീടിന് തണലേകാനും സഹായിക്കുന്നു. ഇവയൊക്കെ കണി കണ്ടുണരുന്നത് തന്നെ വലിയ ഭാഗ്യമാണെന്ന് സുഹറ പറഞ്ഞു. സുഹറയുടേയും ഷറീനയുടേയും കൃഷിയിലുള്ള താല്‍പര്യവും ഉല്‍സാഹവുമാണ് റൈഹാനത്തിനെ ഗാര്‍ഹിക തോട്ടമെന്ന ആശയത്തിലേക്ക് കൊണ്ടു വന്നത്. ഇപ്പോള്‍ ചെറുതും വലുതുമായ നിരവധി പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.

സമകാലിക ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിക പ്രശ്നങ്ങളെ പച്ചപ്പ് പുതച്ച് അതിജീവിക്കുക എന്നതു മാത്രമല്ല വീട്ടിലേക്കാവശ്യമായ ജൈവ പച്ചക്കറികള്‍ ഓരോരുത്തരും കൃഷിചെയ്യുക എന്ന മഹത്തായ സന്ദേശമാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. ഈ ആഹ്വാനം ശിരസാവഹിച്ചാണ് പ്രവാസി കുടുംബങ്ങള്‍ ശ്രദ്ധ നേടുന്നത്.

Details news Visit : www.keralaonetv.in

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു