ദുരിതാശ്വാസ നിധിയില്‍ നല്‍കിയത് നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണമല്ല – കെ.എം.ഷാജി

കോഴിക്കോട് : ദുരിതാശ്വാസ നിധിക്ക് നല്‍കിയ പണം നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണമല്ലെന്ന് കെ .എം. ഷാജി എംഎല്‍എ. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തിയ രൂക്ഷ വിമര്‍ശനങ്ങളെ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം. ശമ്പളമില്ലാത്ത എംഎല്‍എയായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി. സഹായം നല്‍കിയാല്‍ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നും എംഎല്‍എ ചോദിച്ചു.
സിപിഎം എംഎല്‍എ ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നും ലക്ഷങ്ങള്‍ കടം വീട്ടാന്‍ സര്‍ക്കാര്‍ നല്‍കിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. പാര്‍ട്ടി ഓഫീസിലെ സഹപ്രവര്‍ത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികള്‍ എവിടെ നിന്നാണ് വരുന്നത്. വികൃത മനസ്സാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണെന്നും ഷാജി പറഞ്ഞു. പിണറായി വിജയന്‍ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. ദുരിതാശ്വാസനിധി വഴിതിരിച്ച് ചെലവഴിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും എംഎല്‍എ പറഞ്ഞു.
കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പരിഹിസിച്ചുള്ള എംഎല്‍എയുടെ പോസ്റ്റാണ് വാക്ക് പോരിന് തുടക്കം കുറിച്ചത്. അടുത്ത് തന്നെ ഷുക്കൂര്‍ കേസില്‍ വിധി വരാന്‍ ഇടയുണ്ട്. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കില്‍ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണ് എന്നായിരുന്നു കെഎം ഷാജിയുടെ ഫെയ്‌സ് ബുക്ക് പരിഹാസം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു