
തൃശൂര്‍: ഇത്തവണ തൃശൂര്‍ പൂരം ക്ഷേത്രത്തിനുള്ളില്‍ ചടങ്ങുകള്‍ മാത്രമായി നടത്തും.തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനായി ദേവസ്വം പ്രതിനിധികളും മന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കോവിഡ് 19 ഭീഷണിയില്‍ തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട ഒരു ആഘോഷങ്ങളും ഇത്തവണ ഉണ്ടാവില്ല. പൂരം ഉപേക്ഷിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ക്ഷേത്രത്തിനുള്ളില്‍ അഞ്ചു പേരെ മാത്രം ഉള്‍പ്പെടുത്തി താന്ത്രിക ചടങ്ങുകള്‍ നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് രാവിലെ തൃശൂരില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ എന്നിവര്‍ ഏകകണ്ഠമായാണ്
തീരുമാനമെടുത്തത്.
ചൊവ്വാഴ്ച അവസാനിക്കേണ ലോക്ക് ഡൗണ്‍ നീട്ടിയതോടെയാണ് അടിയന്തരമായി യോഗം ചേര്‍ന്നത്. തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ പലതും ക്ഷേത്രത്തിന് പുറത്ത് വെച്ച് നടക്കുന്നതാണ്.അതുകൊണ്ട് ആളുകള്‍ എത്താന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പൂരച്ചടങ്ങുകള്‍ പതിവു പോലെ നടത്താനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട് .ഈ മാസം ആദ്യം ആരംഭിക്കേണ്ടിയിരുന്ന പൂരം പ്രദര്‍ശനവും മാറ്റിവച്ചിരുന്നു.കൊവിഡ് വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി വയ്ക്കാന്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. കൊടുങ്ങല്ലൂര്‍ ഭരണിയും സമാനമായ രീതിയില്‍ ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.