തിരക്ക് കൂട്ടേണ്ട; പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാം, രജിസ്ട്രേഷൻ തുടങ്ങി

ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക റൂട്ട്‌സ് വെബ് സൈറ്റില്‍ ഇന്ന് മുതൽ ആരംഭിക്കും. http://www.norkaroots.org എന്ന നെറ്റ് വർക്കിലാണ് രജിസ്ട്രേഷൻ.

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക പരിഗണനയില്ല. അത് കൊണ്ട് തിരക്ക് കൂട്ടേണ്ടതില്ല. എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.. പക്ഷേ, ഗര്‍ഭിണികള്‍, പ്രായമയാവര്‍, രോഗികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ മുൻഗണന നല്‍കുക.
ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയ സാഹചര്യത്തിലാണ് എത്ര പേര്‍ മടങ്ങാനുദ്ദേശിക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ കണക്കെടുക്കുന്നത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കാനാകൂ. നോര്‍ക്ക റൂട്ട്‌സ് വഴി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തും ആരംഭിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം. വിമാനടിക്കറ്റ് റീഫണ്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ തീയതികളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് എന്ന നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്.

തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായ നിര്‍ദേശമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം അവതരിപ്പിച്ചത്. ഇത് മാതൃകയാണന്നും മറ്റു സംസ്ഥാനങ്ങള്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു