ഡോ.പി.എ ലളിത അന്തരിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് യൂറോളജി സന്റെര്‍ ചെയര്‍പെഴ്‌സണും പ്രമുഖ എഴുത്തുകാരിയും ഗൈനക്കോളജി വിദഗ്ധയുമായ ഡോ. പി.എ. ലളിത(69) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ആരോഗ്യനില വഷളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് നാലരയോടെ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സന്റെറിലാണ് മരണം. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. നടക്കാവ് ക്രോസ് റോഡിലെ അമ്പിളിയിലായിരുന്നു താമസം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്‌സനാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ 11ന് എരഞ്ഞി പാലം മലബാർ ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തിൽ നടക്കും.

ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി, പ്രസിഡന്റ്, അബലാമന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, ഐ.എം.എ ദേശീയ വനിത വിഭാഗത്തിന്റെ സ്ഥിരം സമിതി അംഗം, മെര്‍ക്കൈന്റല്‍ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സ സഹായസംഘടനയായ സ്‌കാര്‍പിന്റെ പ്രസിഡന്റ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഇവരുടേതായുണ്ട്. മനസിലെ കൈയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പുസ്തകങ്ങള്‍.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം അവാര്‍ഡ്, 2006ല്‍ ഐ.എം.എ.യുടെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ അവാര്‍ഡ്, ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെ പ്രസാദ് ഭൂഷണ്‍ അവാര്‍ഡ്, ഐ.എം.എ വനിതാവിഭാഗത്തിന്റെ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2012 ലെ മികച്ച ഡോക്ടര്‍ക്കുള്ള കാലിക്കറ്റ് ലയണ്‍സ് ക്ലബ് അവാര്‍ഡ്, മാനവ സംസ്‌കൃതി കേന്ദ്ര അവാര്‍ഡ്, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം, 2015 ല്‍ ഡോ.പല്‍പ്പു സ്മാരക അവാര്‍ഡ്, കൈരളി ടി.വിയുടെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ധന്വന്തരി പുരസ്‌കാരം, സി.എച്ച് ചാരിറ്റബില്‍ സൊസൈറ്റിയുടെ 2020 ലെ പ്രഥമ കര്‍മ്മശ്രീമതി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭര്‍ത്താവ്: മലബാര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.എന്‍. മോണി. ഏകമകള്‍: മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിലി മോണി. അയ്യാവു ആചാരി, രാജമ്മ എന്നിവരാണ് മാതാപിതാക്കള്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു