ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും – അമിത് ഷാ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ഏതൊരു ആക്രമണത്തേയും സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അമിത് ഷായും ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധനും ഉറപ്പുനല്‍കി. ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള കേന്ദ്ര തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.

ആക്രമണത്തിനെതിരെ ഡോക്ടര്‍മാര്‍ നടത്താനിരിക്കുന്ന പ്രതീകാത്മക സമരത്തില്‍ നിന്നും പിന്മാറണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ബംഗലൂരു എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ രംഗത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതീകാത്മക പ്രതിഷേധം ഫലം കണ്ടില്ലെങ്കില്‍ നാളെ കരിദിനം ആചരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കറുത്ത ബാഡ്ജ് അണിഞ്ഞ് നാളെ ജോലിക്ക് കയറാനാണ് തീരുമാനിച്ചിരുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു