ട്രയിൻ യാത്ര ഇനി അടിമുടി മാറും സുരക്ഷയും

കോഴിക്കോട്: ലോക്ക് ഡൗൺ ഭാഗീകമായി അവസാനിക്കുന്നതോടെ ട്രയിൻ യാത്ര അടിമുടി മാറ്റാനുള്ള ആലോചനയിലാണ് റെയിൽവെ. ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുമോ എന്നറിയാൻ ഏപ്രിൽ പത്ത് വരെ കാത്തിരിക്കണം. പത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമേ തീരുമാനമാകൂ എന്നാണ് അറിയുന്നത്. ഇതിനിടയിൽ ട്രയിനുകൾ ഇനി ഓടി തുടങ്ങുന്നതിനുള്ള അനുമതിക്ക് മുമ്പ് കേന്ദ്ര റെയിൽവെ മന്ത്രിയുടെ നേതൃത്വത്തിൽ മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥരുടെ യോഗം നടക്കേണ്ടതുണ്ട്.

ട്രയിനുകൾ ഓടി തുടങ്ങണമെങ്കിൽ ഇനി ഒട്ടേറെ കടമ്പകൾ കഴിയണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ട്രെയിനുകൾ എത്തിയ കേന്ദ്രങ്ങളിൽ നിർത്തിയിട്ടതാണ്. ഇവ രാജ്യത്തിൻ്റെ 17 റെയിൽ മേഖലയിൽ സൂഷ്മ പരിശോധന നടത്തണം. അണു മുക്തമാക്കണം. 21 ദിവസം നിറുത്തിയിട്ട സാഹചര്യത്തിൽ ഓരോ കംപാർട്ട്മെൻ്റിലെയും ബാറ്ററി ചാർജ്, മറ്റ് സാങ്കേതിക തകരാറുകൾ കണ്ടത്തി മാറ്റണം. ജീവനക്കാരും അവധിയായതിനാൽ റെയിൽ കീ മാൻമാരും ലോക് ഡൗണിൽ ആണ്. ഈ സാഹചര്യത്തിൽ സ്‌റ്റേഷന് പുറത്ത് വിവിധ മേഖലയിലെ റെയിൽ പാളങ്ങളുടെയും സിഗ്നൽ ലൈറ്റുകൾ, പാളങ്ങളുടെ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്കുള്ള മാറ്റം തുടങ്ങിയ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിലുപരി യാത്രാ ട്രെയിനുകൾ അണു മുക്തമാക്കണം. റെയിൽവെയുടെ ചരിത്രത്തിൽ ആദ്യമായാണ് ചരക്ക് ട്രയിൻ ഒഴികെ 13,523 യാത്രാ ട്രയിനുകൾ 21 ദിവസം നിറുത്തിയത്.

തുടർന്നുള്ള ട്രെയിൻ യാത്രയും അതീവ സുരക്ഷയിലായിരിക്കാനാണ് സാധ്യത. യാത്രക്കാർക്ക് ഏറെ നിയന്ത്രണങ്ങൾ ഇനി വരുത്തേണ്ടി വരും. പൊതുവെ മുൻകൂട്ടി ടിക്കറ്റെടുക്കാത്ത ട്രയിനുകളിൽ, ദീർഘദൂരയാത്രാ ട്രയിനിലെ മുൻകൂട്ടി ടിക്കറ്റെടുക്കാതെ യാത്രക്കുള്ള ബോഗികളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് പോകുന്നത്. ഇതിന് താത്കാലികമായങ്കിലും മാറ്റം വരുമെന്നാണ് സൂചന.

യാത്രക്കാർക്ക് നിർബന്ധമായും മുഖാവരണം ധരിക്കേണ്ടി വരും. യാത്രക്കാരെ തെർമൽ സ്‌ക്രീനിങ് നടത്തുക, സാമൂഹിക അകലം പാലിച്ച് യാത്ര നടത്താനുള്ള സൗകര്യമൊരുക്കുക, ആരോഗ്യസേതു ആപ്പ് ഉപയോഗിച്ച് യാത്രക്കാരന്റെ ആരോഗ്യനിരീക്ഷണം നടത്തുക തുടങ്ങിയവയൊക്കെ ജാഗ്രത ഉറപ്പാക്കാനായി റെയിൽവേ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ അനുമതിക്ക് ശേഷമേ റെയിൽവേ പരിഗണിക്കുകയുള്ളൂ. ഇതിനുള്ള വ്യക്തമായ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കുമെന്ന് അറിയുന്നു.

തീവണ്ടി കടന്നു പോകുന്ന മേഖലകൾ, യാത്രക്കാരുടെ തിരക്ക് എന്നിവയെല്ലാം പരിഗണിച്ചായിരിക്കും സർവീസുകൾ ആരംഭിക്കുക എന്നും സൂചിപ്പിക്കുന്നു.
കേന്ദ്ര സർക്കാരിൽ നിന്നും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാൽ ഏതൊക്കെ മാനദണ്ഡങ്ങളായിരിക്കും പ്രധാനമായി പരിഗണിക്കുക എന്ന് റെയിൽവേ തീരുമാനിക്കും. ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്.
കൊറോണ വൈറസ് പടരാതിരിക്കാൻ വേണ്ട എല്ലാ നടപടികളും കൈക്കൊണ്ട് മാത്രമേ ഓരോ സർവീസും തുടങ്ങാൻ കഴിയുകയുള്ളൂ. റെയിൽവേ സോണുകളിൽ നിന്നുള്ള ശുപാർശ അനുസരിച്ച് റെയിൽവേ ബോർഡ് ആയിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു