ടിപിക്കുന്നില്‍ കടുവ കൂട്ടം വനപാലകര്‍ എത്തി ക്യാമറ സ്ഥാപിച്ച് മടങ്ങി

ബത്തേരി: ബത്തേരി സെക്ഷനിലെ ചപ്പക്കൊല്ലി വനമേഖലയോട് ചേര്‍ന്ന പ്രദേശമായ ടി പി ക്കുന്നിലാണ് കടുവകളെ കൂട്ടമായി കണ്ടെത്തിയത്. മൂന്ന് വലിയ കടുവകളും രണ്ട് കുട്ടികളുമടക്കം അഞ്ച് കടുവകളെയാണ് കഴിഞ്ഞ ദിവസം പകല്‍ പ്രദേശവാസികളില്‍ കണ്ടത.് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് വനപാലകര്‍ സ്ഥലത്തെത്തി പ്രദേശത്താകെ നിരീക്ഷണം നടത്തി ക്യാമറകള്‍ സ്ഥാപിച്ചു. കൈ വട്ട മൂല, ടി പി ക്കുന്ന്, താഴെ അരിവയല്‍, പഴുപ്പത്തൂര്‍, എന്നീ ഭാഗങ്ങളിലെ ആയിരകണക്കിന് വീട്ടുകാര്‍ക്ക് ജനവാസ കേന്ദ്രത്തിലുള്ള കടുവകളുടെ ആവാസ കേന്ദ്രം വെള്ളിടിയായി മാറിയിരിക്കയാണ്.
ഇടതൂര്‍ന്ന കാപ്പിതോട്ടവും കുന്നിന്‍ ചെരിവും ജലസമൃതിയും ജനസഞ്ചാരം ഇല്ലാത്ത ഭാഗത്താണ് കടുവകളുടെ ആവാസസ്ഥലം: മാന്‍, കാട്ടാട്, കാട്ടുപന്നി, തുടങ്ങിയ കാട്ടുമൃഗങ്ങള്‍ ഭക്ഷണം തേടിയെത്തുന്നയിടം കൂടിയാണിവിടം. ഇവിടെ നിന്ന് അര കിലോമീറ്ററോളം അകലത്തിലാണ് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങള്‍. ജനവാസ കേന്ദ്രത്തിനടുത്ത് വെച്ചാണ് കടുവകളെ കൂട്ടത്തോടെ പ്രദേശവാസികളില്‍ ചിലര്‍ കണ്ടത.് വനപാലകരോട് കൂട് സ്ഥാപിച്ച് കടുവകളെ പിടിച്ച് കൊണ്ട് പോവാന്‍ ആവശ്യപെട്ടിട്ടും വനപാലകര്‍ നിരാകരിക്കുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കടുവകളുടെ ആക്രമണം പ്രദേശത്ത് ഉണ്ടായെങ്കില്‍ മാത്രമെ കൂട് സ്ഥാപിക്കാന്‍ കഴിയൂവെന്നും വനപാലകര്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ജനവാസ കേന്ദ്രത്തില്‍ കടുവാ കൂട്ടത്തെ കാണുന്നത് വയനാട്ടില്‍ ആദ്യമാണെന്നാണ് പഴമക്കാരും പറയുന്നത്. മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കടുവകളുടെ ആവാസ കേന്ദ്രം കണ്ടെത്തിയ പ്രദേശം: വയനാട്ടില്‍ നിന്ന് കരിമ്പുലിയെ കൂട് വെച്ച് പിടികൂടിയത് ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാണ്. ആയിരത്തോളം ഏക വിസ്തീര്‍ണ്ണമുള്ള ഈ തോട്ടത്തിന്റെ മുക്കാല്‍ ഭാഗത്തോളം ഭാഗം കൊടും വനമായി ഇന്നും കിടക്കുകയാണ്.ജനസഞ്ചാരം എത്തിപെടാത്ത ഇവിടെ നിരവധിയിനം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ്. മന്തംക്കൊല്ലി ഭാഗം വഴിയാണ് വന്യമൃഗങ്ങള്‍ നാടന്‍ പ്രദേശങ്ങളിലേക്കിറങ്ങുന്നത്. പ്രദേശത്ത് കടുവകളുടെ സാനിദ്ധ്യം കണ്ടെത്തിയതോടെ പാല്‍, പത്രം, ഉള്‍പെടെ വിതരണം നടത്തുന്നവര്‍ ഭയത്തോടെയാണ് ഇത് വഴി പോവുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു