ചെരുപ്പ് വീട്ടിൽ കയറ്റരുത് കൊവിഡ് വൈറസ് പകരാമെന്ന് പഠനം

ന്യൂയോർക്ക്: പതിനെട്ട് ലക്ഷത്തോട് അടുക്കുകയാണ് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം. 17,80315 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,08288 മരണവും ഇതുവരെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂയോർക്കിൽ മാത്രം ഒന്നര ലക്ഷത്തിലേറെ വൈറസ് ബാധിതരാണ് ഉള്ളത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും വൈറസിൻറെ വ്യാപനം തുടരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഇതിനിടയിലാണ് കൊറോണ വൈറസ് പടരുന്ന കൂടുതൽ മാർഗ്ഗങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ടും പുറത്തു വരുന്നത്. കൂടുതൽ വിശദാംശങ്ങൾ ഇങ്ങനെ…
കൊറോണ വൈറസ് വായുവിലൂടെയും സഞ്ചരിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വൈറസ് വായുവിലൂടെ നാലു മീറ്റർ ദൂരത്തിൽ പ്രഭാവമുണ്ടാക്കുമെന്നാണ് ചൈനീസ് ഗവേഷകർ നടത്തിയ പഠനത്തിൻറെ പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. പഠന റിപ്പോർട്ട് യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ജേണലായ എമേർജിങ് ഇൻഫെക്ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറഞ്ഞ അളവിൽ കാണപ്പെടുന്ന വൈറസുകൾ അത്ര ഉപദ്രവകാരിയല്ലെന്നാണ് ചൈനീസ് ഗവേഷകർ അഭിപ്രായപ്പെടുന്നു. വൈറസ് എങ്ങനെയാണ് പകരുന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളു. ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കൽ സയൻസിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാനിലെ ഹുവോഷെൻഷൻ മെഡിക്കൽ സെൻററിലെ ജനറൽ വാർഡിൽ നിന്നും ഐസിയുവിൽ നിന്നുമുള്ള സാംപിളുകളാണ് ഗവേഷകർ പഠന വിധേയമാക്കിയത്. ഏതെങ്കിലും ഒരു പ്രതലത്തിൽ സ്ഥിതി ചെയ്യുന്നതും വായുവിലുള്ളതുമായി സാംപിളുകളാണ് ഇവർ ശേഖരിച്ചത്.
ഫെബ്രുവരി 19 മുതൽ മാർച്ച് മൂന്ന് വരെ ഇവിടെ ചികിത്സയിലുണ്ടായിരുന്ന 24 രോഗികളെയാണ് ഗവേഷകർ പഠന വിധേയമാക്കിയത്. ആശുപത്രി വാർഡുകളിലെ നിലത്താണ് വൈറസ് കൂടുതലായും കണ്ടെത്തിയത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസാണ് നിലത്തേക്ക് വീഴുന്നത്. ഗുരുത്വാകർഷണ ബലം കൊണ്ടാകം ഇതെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ചെരുപ്പുകൾ പോലും വൈറസ് വാഹകരാകുന്നു എന്നതാണ് ശ്രദ്ധേയമായ കണ്ടെത്തൽ. ഐസിയുവിലെ ആരോഗ്യ പ്രവർത്തകരുടെ ചെരുപ്പുകളിൽ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതും കണ്ടെത്തി. ചെരുപ്പിലൂടെ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് ഇറ്റലിയിലെ ആരോഗ്യ പ്രവർത്തകരും നേരത്തെ സൂചിപ്പിച്ചിരുന്നത്.
വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്ന് പഠനത്തിൽ കണ്ടെത്തിയതായി അമേരിക്കയിലെ പകർച്ചവ്യാധി വിഭാഗം വകുപ്പ് തലവൻ ആൻറണി ഫൗസി നേരത്തെ ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. രോഗബാധിതനായ വ്യക്തി സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു