ചുവപ്പ് ചരടുകൾ പൊട്ടിച്ചെറിഞ്ഞ കൊവിഡ്; ഒപ്പം കേരളം കുതിക്കുന്നു

മഹാമാരിയായി കൊവിഡ് 19 മനുഷ്യരാശിയെ പിഴുതെറിയാൻ രൂപഭാവങ്ങൾ മാറി ആക്രമിക്കുമ്പോൾ യുദ്ധതന്ത്രങ്ങൾ മാത്രമറിയുന്ന മനുഷ്യൻ ആദ്യം കൊവിഡിനു മുന്നിൽ പകച്ചു പോയത് സത്യം. പ്രകാശവേഗ ആയുധങ്ങളും വിരൽ സ്പർശമേറ്റാൽ കുതിക്കുന്ന വ്യാമാക്രമണ യന്ത്രങ്ങളൊന്നും, ഒന്നുമല്ല, ജീവൻ തിരിച്ചുപിടിക്കാനെന്ന്, ആദ്യം മനുഷ്യകുലത്തെ കൊവിഡ് പഠിപ്പിച്ചു.

എന്നാൽ അണുമാത്ര വൈറസിനെ വരുതിയിലാക്കാൻ എല്ലാം ത്യജിച്ച് മനുഷ്യൻ സങ്കേതങ്ങളിലേയ്ക്ക് ഉൾവലിഞ്ഞു. ആരുടെ തലയിലുദിച്ച തന്ത്രമാണങ്കിലും ഒരു പരിധി വരെ ആത്മവിശ്വാസത്തോടെ ജനലഴികളിലൂടെ തലയിട്ട് ലോകഭീതി കാണാൻ മനുഷ്യന് ആയുസ് ശേഷം നൽകി.

ആദ്യ ദിനങ്ങളത്രയും ലോകത്തെപ്പോലെ ദൈവത്തിൻ്റെ നാടും ആശങ്കയിലായി. രാജ്യത്ത് ആദ്യ കൊവിഡ് വൈറസ് കണ്ടെത്തിയ സംസ്ഥാനമെന്ന പേര് മലയാളനാടിനായി. പുറം ലോകത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കൊച്ചു സംസ്ഥാനത്തിൽ ഇത് തികച്ചും വരാനിരിക്കുന്ന ദുരന്തത്തിൻ്റെ സൂചന ‘ദൈവം’ കണക്കെ നൽകിയതാകും.

ലോകത്തിന് മുന്നിൽ എന്നും മാതൃകയാകാറുള്ള കൊച്ചു കേരളത്തിൻ്റെ മെയ് വഴക്കം കൊവിഡിലും കണ്ടു തുടങ്ങി. ഒപ്പം കേന്ദ്രത്തിൻ്റെ നിർദ്ദേശങ്ങളും മലയാളിയുടെ ശുചിത്വവും അനുസരണയും നാം കണ്ടു. മനുഷ്യനെ ഒന്നായി കാണേണ്ട സമയത്ത് ഒന്നാണന്ന ബോധം ഓരോ മലയാളിയിലും ഉണർന്ന കാലമാണ് ലോക്ക് ഡൗൺ. കേന്ദ്രത്തിൻ്റെ ഈ നിർദ്ദേശത്തോട് ആദ്യമാദ്യം എതിർപ്പും പരിഹാസവും പുറത്തെടുത്ത ചിലർക്ക് കാര്യത്തോടടുത്തപ്പോൾ വരാനിരിക്കുന്ന ഭീകരത കാര്യമായി മനസിലായി. കേന്ദ്ര നിർദ്ദേശത്തിനൊപ്പം അണി ചേർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി

പിന്നെ കേരളം കണ്ടത് പുതിയ തന്ത്രങ്ങളും ചടുലമായ നീക്കങ്ങളും അളന്നു മുറിച്ച ഭരണ പ്രക്രിയയും കരുതലുമാണ്. ഭരണ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥ മേഖലയിലും കേരള പിറവിക്ക് ശേഷം ഉണ്ടായിട്ടില്ലാത്ത വേഗതയായിരുന്നു.

ഭരണത്തിൻ്റെ ഗുണങ്ങൾ ജനങ്ങളിലെത്താൻ ഊരാക്കുടുക്കും ചുവപ്പുനാടയിൽ കെട്ടിവെയ്ക്കലും പത്ത് നടത്തവും വേണ്ടി വരുകയും, ഗുണം എത്തും മുമ്പേ ഗുണഭോക്താവ് കാലയവനികക്കുള്ളിൽ ഒടുങ്ങിയ എത്രയോ സംഭവങ്ങൾ … ഇതെല്ലാം കണ്ട മലയാളി കൊവിഡ് കാലത്ത് സത്യത്തിൽ അന്തം വിട്ടു കാണും !!

മുഖ്യമന്ത്രി പിണറായി വിജയൻ

സർക്കാർ നിയമനങ്ങൾക്ക് ഒരു നാടയുടെയും ബന്ധനമില്ല, വികസന പ്രക്രിയകൾക്ക് ഒരു പ്രതിരോധമില്ല, അശരണർക്കും തുണയറ്റവർക്കും പെടുന്നനെ സഹായം, അവശ്യം അറിഞ്ഞുള്ള ഉത്പാദനങ്ങൾക്ക് ശരവേഗം, അത്യാവശ്യ വസ്തുക്കളുടെ നിർമ്മാണത്തിന് ഒരു മഷിയുടെ ബലം മാത്രം.. അങ്ങിനെ എന്തിനും ഏതിനും നടപടിയാകാൻ മണിക്കൂറുകളുടെയും മിനിറ്റുകളുടെയും വിടവ് മാത്രം. എല്ലാ നടപടികളും താഴെ തട്ട് വരെ എത്താൻ ആധുനിക സാങ്കേതിക ഐടി വിദ്യകൾ. ഓൺലൈൻ എന്തന്നറിയാത്ത നാട്ടിലെ വളണ്ടിയർ മുതൽ ഓൺലൈനിൻ്റെ ഭാഗമായി.

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് പ്രചോദനമായി പദ്ധതികൾ. ഒപ്പം പൊലീസ് സേനയുടെ മുഖം മാറ്റി ജനകീയമാക്കി. മാദ്ധ്യമങ്ങളെയും ഒപ്പം നിറുത്തി പോസിറ്റീവ് വാർത്തയുടെ പ്രചാരണ ആയുധമാക്കി. ഇതിനിടയിൽ ചില പിഴവുകൾ പ്രതിപക്ഷം കണ്ടെത്തിയെങ്കിലും, അസാധാരണമായ കാലത്ത് അസാധാരണമായ നടപടിയെന്ന പുതിയൊരു ശൈലി ജനങ്ങൾക്ക് മുന്നിലെത്തിച്ചു.

ഐടി നിർദ്ദേശങ്ങൾക്ക് കേന്ദ്രത്തിൻ്റെ കൈത്താങ്ങ്. രാജ്യത്തെ ഒന്നേകാൽ ലക്ഷം പഞ്ചായത്തുകൾക്ക് ബ്രോഡ് ബാൻഡ്, മെബൈൽ ഡാറ്റാ സ്പീഡ്. ഇത്തരം ടെക്നോളജിയിലൂടെ സ്വതന്ത്ര ആപ്പിക്കേഷൻ, പഴുതടച്ച നിബന്ധനകളും നടപടിയും.

ഉദ്യോഗ വൃന്തങ്ങളിൽ 30 ശതമാനം മാത്രം ജീവനക്കാരുടെ മാനവശേഷി ഉപയോഗപ്പെടുത്തിയാണ് ഇത്രയും വേഗത സൃഷ്ടിച്ചതെന്ന് നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ശേഷിക്കുന്ന ഉദ്യോഗസ്ഥശേഷി വരും നാളിൽ ക്രിയാത്മകമായി താഴെ തട്ടിലേയ്ക്ക് സർക്കാർ എത്തിച്ചാൽ കേരളം അടിമുടി മാറുമെന്ന അഭിപ്രായം ഈ അവസരത്തിൽ ഉയർന്നിട്ടുണ്ട്.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

ഇന്ത്യയിൽ ലോക്ക് ഡൗൺ തുടങ്ങി 33 ദിവസം പിന്നിട്ടു. ആരും മാറിയില്ലെങ്കിലും മലയാളി ആകെപ്പാടെ മാറി. വലിയവനും ചെറിയവനുമെന്തെന്ന് തിരിച്ചറിഞ്ഞു. ആഡംബരമില്ലാതെ ചെലവ് ചുരുക്കി കുടുംബ ബന്ധങ്ങൾക്ക് കെട്ടുറപ്പ് നൽകി, ദുശ്ശീലവും ശാഠ്യവും മാറ്റി. പഴമക്കാർക്ക് പഴമയുടെ ഓർമ്മപ്പെടുത്തലായി ഈ വീട്ടുജീവിതം. ഇനി പുറത്തിറങ്ങിയാലോ..? അതിനും മാറ്റം കുറച്ചു കാലമത്രയും മുഖാവരണം വേണം. ഇത് തുടർന്നാൽ നാം പലതിലും ചെലവ് കുറയ്ക്കും. സ്വർണ പല്ല് വേണ്ട, ലിപ്സ്റ്റിക് വേണ്ട, മുഖം മിനുക്ക് രാസവസ്തുക്കൾ വേണ്ട, പക്ഷേ, കണ്ണുകൾ മികവാർന്നു നിൽക്കണം .. ഫാഷൻ കണ്ണിൽ മാത്രമാകും. പോളിവെനൈൽ കൺപീലി നൃത്തത്തിനുപരി ജീവിതത്തിൻ്റെ ഭാഗമാക്കും…

വരാനിരിക്കുന്നത് എന്താണന്ന് ഒരു ധാരണയുമില്ല.ആദ്യ അനുഭവത്തിൻ്റെ ഉൾ കിടിലത്തിലാണ് മനുഷ്യരാശി. അതുപോലെയാണ് ഇവിടെയുമെന്ന് പറയുന്നില്ല. ദീർഘവീക്ഷണമാണ് മലയാളിയുടെ മുഖമുദ്ര. മാനം കറുക്കുന്നത് കാണുമ്പോഴെ കുടയെടുത്ത് പുറത്തിറങ്ങുന്ന രീതിയാണ്. അതിനാലാണ് മുഖ്യമന്ത്രി ജനങ്ങളോടായി പറഞ്ഞത്. നമ്മുടെ പുതിയ നയം കാർഷിക വൃത്തിയിലൂന്നിയതാണ്. ഒരു ഭൂമി തുണ്ടുപോലും വെറുതെ കളയരുത്. അത് എവിടെയായാലും. പഴമയുടെ നാട്ടുപച്ചകൾ വീണ്ടും നിറയണം. ഒരിക്കൽ അതായിരിക്കും കേരളത്തെ ഇന്നത്തെ പോലെ ലോകം മാതൃകയാക്കുന്നത്. നാമില്ലെങ്കിലും നമ്മുടെ പിൻഗാമികൾക്ക് പിടിച്ചു നിൽക്കാം.

കൊവിഡ് ഒറ്റ രാത്രി കൊണ്ട് വന്നതായിരിക്കാം. പക്ഷേ, ഒറ്റ രാത്രി കൊണ്ട് മടങ്ങുന്നതല്ല. അതിനാൽ സാമൂഹിക അകലം പാലിക്കുക. അത് നമുക്ക് ചുറ്റും വരുംനാളിൽ കൊവിഡിനെതിരെ വലയം തീർക്കും. ഇപ്പോൾ വരും തലമുറക്കായി നമുക്ക് ചെയ്യാൻ ഇത് മാത്രമേയുള്ളൂ..

സന്തോഷ് വേങ്ങേരി
(ലേഖകൻ സീനിയർ പത്രപ്രവർത്തകനാണ്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു