ചികിത്സാ സൗകര്യമില്ല; കാസർകോട് ഒരാൾ കൂടി മരിച്ചു, ചികിത്സ കിട്ടാതെ മരണം 8

കാസര്‍കോട്: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (61) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറെ നാളായി ചികിത്സയിലായിരുന്നു. കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമത്തിലാണ് മരിച്ച രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് വെറും എട്ട് കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്ന കർണ്ണാടകയിലെ ആശുപത്രി.
എന്നാല്‍ കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ഇയാള്‍ക്ക് ചികിത്സ തുടരാന്‍ സാധിച്ചിരുന്നില്ല. ഇയാള്‍ക്ക് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചത് മൂലം കാസര്‍കോട് ജില്ലയില്‍ വിദ്ഗ്ധ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി.

അതേസമയം അതിര്‍ത്തി തുറക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ണാടക. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞത്. അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്നുമാണ് കേരള കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയായി യെദ്യൂരപ്പ നല്‍കിയത്.
കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍കോടും സമീപ പ്രദേശങ്ങളിലും വൈറസിന്റെ വ്യാപനം ഭയപ്പെടുത്തുന്നതാണ്. ഇതിനെ കുറിച്ച് കേരളസര്‍ക്കാരിനും അറിയാവുന്നതാണ് എന്നാണ് മറുപടിയായി നല്‍കിയ കത്തില്‍ യെദ്യൂരപ്പ പറഞ്ഞത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു