ബ്രഹ്മശ്രീ പഴയം സതീശന്
നമ്പൂതിരി ഇടക്കാല മേല്‍ശാന്തി

ഗുരുവായൂര്‍: നിലവിലുള്ള മേല്‍ശാന്തിയുടെ കാലാവധി മാര്‍ച്ച് 31 ന് പൂര്‍ത്തിയാവുകയും ലോക്ക്ഡൗണ്‍ മൂലം പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ നടത്താന്‍ സാധിയ്ക്കാതെ വരികയും ചെയ്ത സാഹചര്യത്തില്‍ ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പഴയം സതീശന് നമ്പൂതിരിയെ ഇടക്കാലമേല്ശാന്തിയായി നിയമിക്കാന്‍ നിശ്ചയിച്ചു.

ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി.ശിശിര്‍ എന്നിവര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണന്നമ്പൂതിരിപ്പാടുമായും നാല് ഓതിക്കന് കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങളുമായും ദേവസ്വം ഭരണസമിതി അംഗങ്ങളുമായും ആശയ വിനിമയം നടത്തിയാണ് മേല്‍വിധം ഇടക്കാല മേല്‍ശാന്തിയെ നിയമിക്കാന്‍ തീരുമാനിച്ചത്.
നിലവിലെ അപേക്ഷകരില്‍നിന്ന് ക്രമപ്രകാരം തിരഞ്ഞെടുപ്പ് നടത്തി പുതിയ മേല്‍ശാന്തി ചുമതല ഏല്ക്കുന്നതുവരെയാണ് ഇടക്കാലമേല്ശാന്തിയുടെ നിയമനം. ഇടക്കാലമേല്ശാന്തി പുറപ്പെടാശാന്തി ആയിരിക്കില്ല.
പഴയത്ത് സതീശന്നമ്പൂതിരി 2014 ല്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മേല്‍ശാന്തി ആയിരുന്നു. തൃപ്പുകയ്ക്കു പുതിയ മേല്‍ശാന്തിയാണ് ശ്രീകോവില്‍ അടയക്കുകയെന്ന് ചെയര്മാന് കെബി മോഹന്‍ദാസും അഡ്മിനിസ്ട്രേറ്റര്‍ എസ്.വി ശിശിരും അറിയിച്ചു.