കോവിഡ് 19: സാമ്പത്തിക പാക്കേജ് ആരോഗ്യകരമോ?

വേണ്ടത് ‘ഭാരത് കോവിഡ്
നിര്‍മ്മാര്‍ജന്‍ ഫണ്ട്’

ഡോ. വി.ജി.പ്രദീപ്കുമാര്‍

കോവിഡ് -19 വൈറസ് രോഗം ലോകമെമ്പാടും പടര്‍ന്നു പടരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ത്തന്നെ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിക്കൊണ്ടിരിക്കുകയും വിവിധ രാജ്യങ്ങളുടെ സമ്പദ്ഘടനയെ കൂപ്പുകുത്തിക്കുകയും ചെയ്യുകയാണല്ലോ? ആരോഗ്യരംഗത്തിന് ബഡ്ജറ്റില്‍ നീക്കിവെച്ച തുകയുടെ ശതമാന വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളും കോവിഡിന്റെ കൊടുംങ്കാറ്റില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടാഴ്ചയായി നാം കാണുന്നത്.

ലോകാരോഗ്യ സംഘടന ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ (GDP – Gross Domestic Product) അഞ്ചു ശതമാനം ആരോഗ്യരംഗത്തിന്റെ വികസനത്തിനായി ചെലവഴിക്കണമെന്നാണ് നിഷ്‌ക്കര്‍ഷിക്കുന്നത്. എന്നാല്‍ ഇതിനുപരിയായി ലോകാരോഗ്യ സംഘടന 12 ആരോഗ്യ സൂചികകളുടെ നിരീക്ഷണത്തിലൂടെയാണ് ഒരോ രാജ്യത്തിന്റെയും ആരോഗ്യരംഗത്തെ വളര്‍ച്ചാ നിരക്കളക്കുന്നത്. ഇതില്‍ സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ (ആളൊന്നുക്കുള്ള ആഭ്യന്തര വളര്‍ച്ച നിരക്ക് 500 ഡോളറില്‍ കൂടുതല്‍, എഴുപത് ശതമാനം ആരോഗ്യ പരിണിതഫലങ്ങള്‍ (ശിശു മരണനിരക്ക് ആയിരത്തിന് അന്‍പതിന് താഴെ), ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത, ദേശീയ ഉല്‍പ്പാദനക്ഷമത 5%ല്‍ കൂടുതല്‍ എന്നിവയെയാണ് ലോകാരോഗ്യ സംഘടന ആരോഗ്യ സുരക്ഷാ അളക്കുന്നതില്‍ കൂടുതല്‍ ആശ്രയിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 1500 കോടിയുടെ ആരോഗ്യപാക്കേജ് മാര്‍ച്ച് 24 ന് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രധാനമായും ഗ്ലൗസ്, മാസ്‌ക്, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്കാണ് വിനിയോഗിക്കുകയെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു രോഗിയുടെ പരിചരണത്തിന് ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, അറ്റന്‍ഡര്‍ (ക്ലീനിംഗ് സ്റ്റാഫ്) എന്നിവരുള്‍പ്പെടെ 4 പേര്‍ക്ക് 8 മണിക്കൂര്‍ ഇടവേളകളിലെ 3 ഷിഫ്റ്റുകള്‍ക്കു മാത്രമായി ഒരു ദിവസം 12 വ്യക്തിസുരക്ഷാ ഉപകരണകിറ്റുകള്‍ (PPE) വേണം. ഇത്തരത്തില്‍ ഒരു ലക്ഷം രോഗികള്‍ക്ക് 12 ലക്ഷം PPE കിറ്റുകള്‍ ചുരുങ്ങിയത് ഒരു ദിവസത്തേയ്ക്ക് വേണ്ടി വരും. ശരാശരി ഒരു രോഗി 10 ദിവസം ആശുപത്രിയില്‍ കഴിയുന്നതിന് ഏകദേശം 120 ലക്ഷം ഇത്തരം കിറ്റുകളുടെ ആവശ്യമുണ്ട്. ഇതുതന്നെയാണ് മാസ്‌ക്കുകളുടെയും അവസ്ഥ. വെന്റിലേറ്റര്‍ ലഭ്യതയും കൂട്ടേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ കോവിഡ് 19 ചികിത്സയ്ക്ക് 9,60,000 വെന്റിലേറ്ററുകള്‍ വേണ്ടിവരുമെന്ന് അമേരിക്കല്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ സൊസൈറ്റി അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇപ്പോഴുള്ളതാകട്ടെ 2 ലക്ഷത്തില്‍പ്പരം വെന്റലേറ്ററുകള്‍ മാത്രമാണ്. ലോകത്ത് കോവിഡ് 19 ചികിത്സയ്ക്ക് നിലവിലുള്ള വെന്റിലേറ്ററുകളുടെ പത്തിരട്ടി വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇതിനുവേണ്ട സന്നാഹങ്ങളും മാനുഷിക വിഭവശേഷിയും ഒരുക്കുന്നതിനുവേണ്ട തുക പാക്കേജില്‍ വകയിരുത്തേണ്ടതാണ്.

ധനകാര്യമന്ത്രിയുടെ മാര്‍ച്ച് 26 ലെ സാമ്പത്തിക പാക്കേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ആശാവര്‍ക്കര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍വരെയുള്ള ശ്രേണി ഇതില്‍പ്പെടുന്നുവെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാതിര മേഖലയിലെ (സ്വകാര്യമേഖല/സ്വന്തം നിലയില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍) എന്നിവര്‍ക്ക് ഈ പരിരക്ഷ കിട്ടുമോ എന്നു വ്യക്തമാക്കപ്പെടുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 പിടിപ്പെട്ടാലുള്ള ചികിത്സയും ഈ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരുമോ എന്ന് വ്യക്തമാവേണ്ടതുണ്ട്. സ്ത്രീകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ആനുകൂല്യം സ്വാഗതാര്‍ഹമാണ്. എന്നാല്‍ വകയിരുത്തിയതുക കൂട്ടേണ്ടതുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് - 19 രോഗ ചികിത്സയില്‍ മുന്‍ഗണന കിട്ടുന്നുവെന്നുറപ്പാക്കുകയും വേണം.

ഇതര സംസ്ഥാന തൊഴിലാളികള്‍ (Migrant Laboures) ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്. മിക്ക ഇതര സംസ്ഥാന തൊഴിലാളികളും തിരിച്ചുപോക്കിലാണ് (Reverse Migration) അതുപോലെതന്നെ വിദേശ ഇന്ത്യാക്കാര്‍ (NRI), പ്രത്യേകിച്ചും ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുവന്നവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. കാര്‍ഷികരംഗത്തെ നിലവിലെ കടങ്ങള്‍ ഒറ്റത്തവണയായി എഴുതിത്തള്ളിയാല്‍ കര്‍ഷകര്‍ക്ക് അത് വലിയൊരാശ്വാസമാകും.

പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ. (Employees State Insurance) എന്നിവ തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും ഭാഗത്തു നിന്നും അടുത്ത 3 മാസത്തേയ്ക്ക് സ്ഥാപന വലിപ്പ വ്യത്യസമില്ലാതെ അടയ്‌ക്കേണ്ട എന്ന തീരുമാനം പ്രഖ്യാപിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതിനായി പണം മുടക്കേണ്ടതില്ല. രാജ്യം മുഴുവനും നിശ്ചലമായി നില്‍ക്കുമ്പോള്‍ 3 മാസത്തെ തുക അടയ്‌ക്കേണ്ട എന്നു തീരുമാനിക്കുന്നതില്‍ യാതൊരു യുക്തിരാഹിത്യവുമില്ല. കൂടാതെ, കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ അടയ്ക്കുമെന്നു പ്രഖ്യാപിച്ച പ്രീമിയം ആരോഗ്യസേവന രംഗത്തേയ്ക്ക് മാറ്റാവുന്നതുമാണ്. ഈ തീരുമാനത്തിലൂടെ സംഘടിത തൊഴില്‍ മേഖലയിലെ എല്ലാവര്‍ക്കും ഇതിന്റെ ഗുണഫലം കിട്ടുകയും ചെയ്യും.

മധ്യവര്‍ഗ്ഗ സമൂഹത്തിനായി അവരെടുത്തിട്ടുള്ള വിവിധ വായ്പകളുടെ (വീട്, വാഹനം, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള ലോണ്‍)  പ്രതിമാസ ഗഡുക്കള്‍ 3 മാസത്തേയ്ക്ക് അടയ്ക്കുന്നതില്‍ നിന്നും ഇളവ് നല്‍കുകയും അടയ്‌ക്കേണ്ട കാലയളവ് 3 മാസം നീട്ടി നല്‍കുകയും വേണം.
കോവിഡ് - 19 ഭീഷണി നേരിടുന്നതിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരു പോലെ തയ്യാറെടുക്കുന്നുണ്ടെങ്കിലും എല്ലായിടത്തേയും ആരോഗ്യ ചികിത്സാ സംവിധാനങ്ങള്‍ ഏകീകൃതമാണെന്ന് പറയാന്‍ കഴിയില്ല. ഈയവസരത്തില്‍ ആരോഗ്യ സൂചികകളില്‍ പുറകിലുള്ള സംസ്ഥാനങ്ങള്‍, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവയ്ക്ക് പ്രത്യേഗ പരിഗണന വേണ്ടതായി വന്നേയ്ക്കാം.
അവശ്യ വസ്തുക്കള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കല്‍ താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മ്മാണം എന്നിവ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതുണ്ട്. രാജ്യത്തെ ആരോഗ്യ മാനുഷിക വിഭവശേഷിയുടെ കണക്കെടുപ്പും ഇതോടൊപ്പം നടക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് വേണ്ട മാര്‍ഗ്ഗരേഖകള്‍ക്കനുസരിച്ചുള്ള അവശ്യ-അടിയന്തിര ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഉടനാരംഭിക്കണം. ഇതിനു വേണ്ടി സാറ്റലൈറ്റ് - ഇന്റര്‍നെറ്റ് ശൃംഖലകളിലൂടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണം.
യുദ്ധ സന്നാഹത്തേക്കാളും ഗൗരവതരമായി മുന്നൊരുക്കം നടത്തേണ്ട സമയമാണിത്. ഒരു വശത്ത് നിശ്ചലമായ രാജ്യം, മറുവശത്ത് മനുഷ്യരാശിക്ക് വന്‍ ഭീഷണിയായി കോവിഡ് - 19. ഇവിടെ അമാന്തത്തിനു സമയമില്ല. രാജ്യത്തിന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും എല്ലാ പൗരന്മാരുടേയും സുരക്ഷയ്ക്കും, ജീവിതം നിലനിര്‍ത്തുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും ഉപയുക്തമാക്കണം. 

ഇന്ത്യയിലെ എല്ലാ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും അവരുടെ കഴിഞ്ഞ 10 വര്‍ഷത്തെ ആദായത്തിന്റെ നിശ്ചിത ശതമാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. ഈ ഫണ്ടിന് ‘ഭാരത് കോവിഡ് നിര്‍മ്മാര്‍ജന്‍ ഫണ്ട്’ എന്ന പേരില്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്നതിനു മാത്രം വിനിയോഗിക്കാം. സ്വതന്ത്ര ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ ഒരു പോരാട്ടമാണ് നാം ഇപ്പോള്‍ നടത്തുന്നത്. ജാതി-മത-ദേശ-ഭാഷാ വ്യത്യാസമില്ലാതെ ഒരു മനസ്സോടെ കോവിഡ് – 19 നെ നാം നേരിടുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ട ആത്മവിശ്വാസവും, ധൈര്യവും പകരുന്നതിനും അവരുടെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുതകുന്ന സാമ്പത്തിക സഹായപദ്ധതികള്‍ ഇനിയും മുന്നോട്ട് വെയ്‌ക്കേണ്ടതുണ്ട്. ആരോഗ്യവും, ആത്മവിശ്വാസവുമുള്ള ഇന്ത്യന്‍ പൗരന് കോവിഡ് – 19 ഭീഷണിയെ അനായസം നേരിടാന്‍ കഴിയുമെന്നുള്ളതിന് തെല്ലും സംശയിക്കേണ്ടതില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു