കോഴിക്കോട്ടേക്ക് കടത്തിയ 10 ടൺ പഴകിയ മത്സ്യം ചെറുവത്തൂരിൽ പിടികൂടി

ചെറുവത്തൂർ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയ പഴകിയ മത്സ്യം 

news@kasarkode
ലോക് ഡൗണിന്റെ മറവിൽ കേരളത്തിലെ മാർക്കറ്റിലേക്ക് വിൽപ്പനയ്ക്കായി കടത്തുകയായിരുന്ന പത്തു ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് മൊബൈൽ പട്രോൾ സംഘം പിടിച്ചെടുത്തു.
ഗുജറാത്തിൽ നിന്നും കോഴിക്കോട്ടേക്ക് വലിയ കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന ചീഞ്ഞളിഞ്ഞ മത്സാമാണ് ബുധനാഴ്ച പുലർച്ചെ ചെറുവത്തൂർ ആർ ടി ഒ ചെക്ക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ് കണ്ടെയ്നർ ലോറിയിൽ കയറ്റി അയച്ചതാണ് മത്സ്യം. ലോക് ഡൗൺ കാരണം അവിടുത്തെ മത്സ്യ ഡിപ്പോയിൽ കെട്ടിക്കിടന്ന മീനുകൾ അതീവരഹസ്യമായി കേരളത്തിലേക്ക് കടത്തുകയായിരുന്നു പദ്ധതി. ഇരുപതോളം വിവിധ ഇനങ്ങളിൽപ്പെട്ട പഴകിയ മത്സ്യങ്ങൾ 300 പെട്ടികളിൽ ആയാണ് കണ്ടെയ്നർ ലോറിയിൽ  ഉണ്ടായിരുന്നത്. മീൻ നിറച്ച ഏതാനും പെട്ടികളിൽ ഐസ് ഇട്ടിരുന്നു. എന്നാൽ ഭൂരിഭാഗം പെട്ടികളിലും ഐസ് ഒന്നുമില്ലാതെയാണ് സൂക്ഷിച്ചിരുന്നത്. മീൻ ചീഞ്ഞളിഞ്ഞതിനാൽ ബോക്സുകൾ പലതും അഴുകി അലിഞ്ഞു വെള്ളമായി  മാറിയിരുന്നു. മീനുകളിൽ ഫോർമാലിൻ കലർത്തിയിരുന്നോ  എന്നറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ക്ലിനിക്ക് സ്ഥലത്തെത്തി പരിശോധന നടത്തി.

വിവരമറിഞ്ഞു ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ചെറുവത്തൂർ ചെക്ക് പോസ്റ്റിൽ എത്തിയിരുന്നു. അഴുകിയ മത്സ്യം ചെറുവത്തൂരിൽ തന്നെ നശിപ്പിക്കാൻ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. പ്രസിഡണ്ട് സ്ഥലത്തെത്തിയ ശേഷം ജില്ലാ കലക്ടർ ഡി. സജിത്  ബാബുവുമായി സംസാരിച്ചതിനെ തുടർന്ന് അഴുകിയ മീൻ മുഴുവൻ മടിക്കൈയിലുള്ള സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റാൻ ധാരണയായിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു