കൊവിഡ് മുക്തം ഈ പറുദീസ; ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഗോവ

news@panaji
രാജ്യത്താദ്യമായി കോവിഡ്19 രോഗികളെ മുഴുവനും ചികിത്സിച്ച് ഭേദമാക്കിയ സംസ്ഥാനമെന്ന ബഹുമതി ഗോവ സ്വന്തമാക്കി. ടൂറിസം പ്രധാന വരുമാനമാര്‍ഗമായ ഗോവ കൊവിഡ്19 പടര്‍ന്ന് പിടിക്കാന്‍ എല്ലാ സാധ്യതകളുമുള്ള ഇന്ത്യന്‍ സംസ്ഥാനമായിരുന്നു. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി ആയിരക്കണക്കിന് ആളുകളായിരുന്നു ഗോവയിലേക്ക് എത്തുന്നത്. എന്നാല്‍, കൃത്യമായ പദ്ധതികളിലൂടെ സംസ്ഥാനത്ത് രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കാനും രോ?ഗബാധിതര്‍ക്ക് മെച്ചപ്പെട്ട പരിചരണം ഒരുക്കി അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും ഗോവന്‍ ഭരണകൂടത്തിന് കഴിഞ്ഞു.
ഏഴു പേര്‍ക്കാണ് ഗോവയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏഴാമത്തെയാളും നെഗറ്റീവ് ആയി ഞായറാഴ്ച ആശുപത്രി വിട്ടു. ഇവിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഏഴ് പേരും സുഖം പ്രാപിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കായിരുന്നു ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായ ഇവരെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീടുകളിലേക്ക് മടക്കി അയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
‘പൂജ്യത്തിന് മഹത്തായ മൂല്യമാണ് ഇവിടെ! സംസ്ഥാനത്തെ മുഴുവന്‍ കോവിഡ് പോസിറ്റീവ് രോഗികളും നെഗറ്റീവായതായി പ്രഖ്യാപിക്കാന്‍ അതിയായ സന്തോഷമുണ്ട്.’ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്തപരിശ്രമമാണ് ഇതിന് സഹായിച്ചതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തും പറഞ്ഞു. നിലവില്‍ കോവിഡ് മുക്തം ആണെങ്കിലും ജാഗ്രതയും നിയന്ത്രണവും തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പഴയത് പോലെ തന്നെ തുടരും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവയ്ക്ക് ഇത് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷമാണെന്നാണ് അവസാന രോഗിയുടെയും കോവിഡ് ഫലം നെഗറ്റീവ് ആയെന്ന് അറിയിച്ചു കൊണ്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചത്. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സഹായികള്‍ക്കും നന്ദി പറയാനും മുഖ്യമന്ത്രി മറന്നില്ല. ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കോവിഡ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കോവിഡ് 19 ലോകം മുഴുവന്‍ നാശം വിതച്ചപ്പോള്‍ അതില്‍ ഏറ്റവും നഷ്ടം വന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊന്ന് ഗോവയാണ്. സഞ്ചാരികള്‍ എത്താതായതോടെ വലിയ നഷ്ടമാണ് ഗോവന്‍ ടൂറിസത്തിന് നേരിടേണ്ടിവന്നത്.ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് ഗോവ. പ്രത്യേകിച്ച് വിദേശികള്‍. കോവിഡ് ഭീതിയൊഴിഞ്ഞ് എല്ലാം പഴയപോലെയാകുമ്പോള്‍ ഗോവ ചില കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഗോവയിലേക്ക് സന്ദര്‍ശനത്തിനെത്തുന്ന യാത്രികര്‍ കോവിഡ് ബാധയില്ല എന്നുറപ്പിക്കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ കൈയില്‍ കരുതണം. അതില്ലാത്തവരെ സംസ്ഥാനത്തേക്ക് കടത്തിവിടില്ലെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു. ഇതോടൊപ്പം 10 റാപ്പിഡ് കൊറോണ ടെസ്റ്റിങ് ബൂത്തുകളും സംസ്ഥാനത്ത് സ്ഥാപിക്കുന്നുണ്ട്. ഇവയെല്ലാം സംസ്ഥാനത്തിന്റെ അതിര്‍ത്തികളിലാണ് സ്ഥാപിക്കുക.

visit : www.keralaonetv.in

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു