കൊവിഡ്: കുഞ്ഞിൻ്റെ മരണം നമ്മെ സുരക്ഷ ഓർമിപ്പിക്കുന്നു

കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കൊവിഡ് വിദഗ്ദ ചികിത്സക്കിടയിൽ പിഞ്ചുകുഞ്ഞ് മരിച്ചത് കൊവിഡ് സുരക്ഷ നമ്മെ ഗൗരവമായി ഓർമിപ്പിക്കുന്നു. ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന് എവിടുന്ന് കൊവിഡ് വൈറസ് പകർന്നതെന്ന് ആരോഗ്യ മേഖല പരിശോധിക്കുന്നുണ്ട്. കുഞ്ഞുങ്ങളെയും വൃദ്ധരേയും സുരക്ഷിതമായി നാം കൈ ചേർത്ത് പിടിക്കേണ്ടതുണ്ട്.

കോവിഡ് പോസിറ്റീവായ പ്രായം ചെന്നവരെ മാത്രമല്ല, കുഞ്ഞുങ്ങളെയും വരെ രോഗമുക്തമാക്കിയതാണ് സംസ്ഥാനത്തിന്‍റെ അനുഭവമെന്ന് മുഖ്യമന്ത്രി പ്രതിദിന കൊ വിഡ് അവലോകന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുതന്നെ ആദ്യമായി ഒരുവയസ്സും 10 മാസവും പ്രായമായ കുഞ്ഞിന്‍റെ അസുഖം ഭേദമാക്കിയിരുന്നു. തുടര്‍ന്ന് 2 വയസ്സുള്ള കുഞ്ഞിന്‍റെ  അസുഖം ഭേദമാക്കിയതും നമ്മള്‍ കണ്ടു.

എന്നാലിന്ന് ഒരു കുഞ്ഞ് മരണപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ നാലുമാസം മാത്രം പ്രായമുള്ള ഈ കുട്ടി, ഹൃദയസംബന്ധമായ അസുഖംമൂലം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ജന്മനാ ഹൃദയത്തിന് വൈകല്യമുള്ള ഈ കുഞ്ഞിനെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. പിഞ്ചുകുഞ്ഞിന്‍റെ വേര്‍പാട് ഏറെ ദുഃഖകരമാണന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് 3 പേര്‍ക്ക് പോസിറ്റീവും 15 പേര്‍ക്ക് നെഗറ്റീവുമാണ്. പോസിറ്റീവായ മൂന്നുപേരും കാസര്‍കോട് ജില്ലക്കാരാണ്. മൂന്നുപേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗബാധയുണ്ടായത്. കാസര്‍കോട് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ 3 വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 450 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21,941 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 20,830 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലുള്ളത്- 56 പേര്‍. കാസര്‍കോട് ജില്ലക്കാരായ 18 പേരാണ് ചികിത്സയിലുള്ളത്. തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ആരും ചികിത്സയിലില്ലന്ന് മുഖ്യമന്ത്രി പ്രതിദിന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു