കൊവിഡിന് ഹോമിയോപതി: മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതി അലക്ഷ്യം: ഐഎംഎ

news@kozhikode
കൊവിഡ് 19 വൈറസിനെതിരെ
ശാസ്ത്രീയ അടിസ്ഥാനത്തിൽ ആധുനിക വൈദ്യശാസ്ത്ര രംഗം മുഴുവൻ സമയം പരിശ്രമിക്കുമ്പോൾ അശാസ്ത്രീയതയെ കൂട്ടു പിടിക്കാൻ മുഖ്യമന്ത്രി തുനിയുന്നത് അഭിലഷണീയമല്ലന്നും, മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കോടതി അലക്ഷ്യമാണന്നും ഐ.എം.എ.

കൊവിഡ് വ്യാപന സന്ദർഭത്തിൽ പരീക്ഷണങ്ങൾക്ക് മുതിരരുത് എന്ന് സുപ്രീം കോടതി മുന്നറിയിപ്പോടെ ഹോമിയോചികിത്സയെ നിരാകരിച്ചിട്ടും, മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, മാത്രമല്ല കോടതി അലക്ഷ്യം കൂടി ആണന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയിൽ ചൂണ്ടികാട്ടി.

യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാതെ പ്രതിരോധമരുന്ന് എന്ന രീതിയിൽ വിതരണം ചെയ്യുന്നത് ജനങ്ങളിൽ തനിക്ക് രോഗബാധ ഉണ്ടാകില്ലെന്ന മിഥ്യാധാരണ പരത്തും. ഇത് കേന്ദ്രത്തിൻ്റെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടാൻ മാത്രമേ ഉപകരിക്കൂ എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ആധുനിക വൈദ്യശാസ്ത്രവും അതിന്റെ ചികിത്സാ പ്രോട്ടോകോളും നിയന്ത്രിച്ചു നിർത്തിയിരിക്കുന്ന രോഗം ഭയാനക അവസ്ഥയിൽ പടർന്നാൽ അതിന്റെ ഉത്തരവാദിത്തം അശാസ്ത്രീയ രീതികൾക്കും സർക്കാരിന് തന്നെയും മാത്രം ആയിരിക്കും എന്ന് ഐ എം എ മുന്നറിയിപ്പ് നൽകി.
ശാസ്ത്രീയമായി അന്താരാഷ്ട്ര പഠനങ്ങളുടെ പിൻബലമില്ലാത്ത രീതികൾ കൊറോണ പോലെയുള്ള രോഗങ്ങൾക്ക് നിർദേശിക്കപ്പെട്ടാൽ പൊതുജനാരോഗ്യ രംഗത്തും വ്യക്തികളുടെ ആരോഗ്യത്തിനും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും.

രോഗവ്യാപനം തടയുന്നതിന് വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിൻ്റെ ഭാഗമായി രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായുള്ള മരുന്നു നൽകാൻ ഹോമിയോപതി വകുപ്പിന് അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഡോക്ടർമാരുടെ സംഘടനയായ ഐ.എം എ പ്രതിഷേധവുമായി രംഗതെത്തിയത്.

നിലവിലുള്ള ലോക് ഡൗൺ പിൻവലിക്കുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. കൂടുതൽ രോഗബാധ ഉള്ള സ്ഥലങ്ങളിൽ ഒരു ലക്ഷം പേരിൽ അഞ്ഞൂറ് പേർക്കും, മറ്റു പ്രദേശങ്ങളിൽ ഒരു ലക്ഷത്തിൽ നൂറു പേർക്കും ടെസ്റ്റുകൾ ചെയ്ത് രോഗവ്യാപനത്തിന്റെ രീതിയും തോതും മനസ്സിലാക്കി അപഗ്രഥിച്ചതിന് ശേഷം മാത്രമേ നിയന്ത്രണങ്ങളിൽ അയവ് ആകാവൂ.

സർക്കാർ സമ്മർദത്തിന് വഴങ്ങി തീരുമാനങ്ങൾ എടുത്താൽ അത് തെറ്റ് തിരുത്താനുള്ള സാവകാശം പോലും കിട്ടാതെ ഗുരുതരമായ സ്ഥിതിയിലേക്ക് മറുമെന്ന് ഐ.എം.എ ഓർമ്മിപ്പിച്ചു. ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് കൊവിഡ് എന്ന്ഐ എം എ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു