കൊറോണ: പ്രതിരോധ പ്രവർത്തനങ്ങളെ സർക്കാർ രാഷ്ട്രീയവൽക്കരിച്ചു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്താകെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം അധിനിവേശമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന കമ്യൂണിറ്റി കിച്ചൺ അടക്കമുള്ള പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐക്കാർ കൈക്കലാക്കി അവരാണ് ചെയ്യുന്നതെന്ന് വരുത്തി തീർത്തിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ കമ്യൂണിറ്റി കിച്ചൺ ഇപ്പോൾ പണം വാങ്ങി പൊതിച്ചോർ നൽകുന്ന ജനതാ കിച്ചണുകളാക്കിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കമ്യൂണിറ്റി കിച്ചൺ ഭക്ഷണം ലഭിക്കാൻ സാഹചര്യമില്ലാത്തവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിനാണ് തുടങ്ങിയത്. എന്നാൽ അവയുടെ പ്രവർത്തനം അട്ടിമറിച്ചാണ് പണം വാങ്ങി ഭക്ഷണം നൽകുന്ന ജനതാ കിച്ചൺ തുടങ്ങിയത്. ആവശ്യക്കാർ ഓർഡർ നൽകിയാൽ ഡിവൈഎഫ്ഐക്കാർ ഭക്ഷണവുമായി വീട്ടിലെത്തും. പണം വാങ്ങി ഭക്ഷണം നൽകും. നഗരങ്ങളിൽ സിപിഎം കൗൺസിലർമാരുടെതല്ലാത്ത എല്ലാ വാർഡുകളിലെയും കമ്യൂണിറ്റി കിച്ചണുകളെയും പ്രതിരോധ പ്രവർത്തനങ്ങളെയും അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്താകെ ബിജെപി പ്രവർത്തകരും സേവാഭാരതിയും സന്നദ്ധ, പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ സജീവമാണ്. അശരണർക്ക് സഹായമെത്തിക്കുന്നതിനും ഭക്ഷണം എത്തിക്കുന്നതിനും ബിജെപി പ്രവർത്തകർ മുന്നിലുണ്ട്. എന്നാൽ സിപിഎമ്മിനെ അല്ലാതെ മറ്റുള്ളവരെ ആരെയും ഇത്തരം പ്രവർത്തനങ്ങൾക്ക് അനുവദിക്കില്ല എന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരും ഇതിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ കളക്ടർ സേവാഭാരതിക്ക് വിലക്കേർപ്പെടുത്തുന്ന സംഭവമുണ്ടായി. ഇത് അംഗീകരിക്കില്ലന്ന് സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ യാതൊരു സഹായവും സ്വീകരിക്കാത്ത സന്നദ്ധ പ്രവർത്തനമാണ് ബിജെപിയും സേവാഭാരതിയുമെല്ലാം നടത്തി വരുന്നത്. മറ്റെല്ലാവരെയും ഒഴിവാക്കി ഇതെല്ലാം ചെയ്യാൻ തങ്ങൾ മാത്രം മതിയെന്നാണ് സിപിഎം നിലപാടെങ്കിൽ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കേണ്ടി വരും. കൊറോണക്കെതിരായ ജീവൻ മരണ പോരാട്ടം നടക്കുമ്പോൾ അതിൽ നിന്ന് നേട്ടം കൊയ്യാമെന്ന സിപിഎം ലക്ഷ്യം നീച രാഷ്ട്രീയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു