കേരളത്തിന് 12,480 റാപ്പിഡ് കിറ്റുകൾ, രണ്ട് ലക്ഷം പേർക്ക് കൂടി ടെസ്റ്റ് നടത്തും

news@tvm
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കേരളത്തിന് അനുവദിച്ച 12,480 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ സംസ്ഥാനത്തെത്തി. ഇതേതുടർന്ന് റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് രണ്ടു ദിവസത്തിനുളളില്‍ തുടങ്ങും. സംസ്ഥാനത്തെ നിരീക്ഷണത്തിലുള്ള മുഴുവൻ പേർക്കും ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.

കൂടുതല്‍ ഹോട്സ്‌പോട്ടുകളുളള കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായിരിക്കും മുന്‍ഗണനയെന്ന് ആരോഗ്യ സെക്രട്ടറി ഡോ.രാജന്‍ എന്‍.കോബ്രഗഡെ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, ശ്വസന സംബന്ധമായ രോഗങ്ങളുളളവര്‍ തുടങ്ങിയവരെയും പരിശോധിക്കും. ചെന്നൈ ആസ്ഥാനമായ കമ്പനി വഴി കേരളം നേരിട്ട് ഓര്‍ഡര്‍ നൽകിയിരിക്കുന്ന ഒരു ലക്ഷം കിറ്റുകള്‍ 27ന് മുമ്പായി എത്തുമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. ഐ.സി.എം.ആര്‍ നൽകുന്ന അടുത്ത ബാച്ച് കിറ്റുകളും ഉടന്‍ പ്രതീക്ഷിക്കുന്നു. രണ്ടു ലക്ഷം പേരില്‍ പരിശോധന നടത്താനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

കൊവിഡ് സംശയിക്കുന്നവരിലും രോഗലക്ഷണമുള്ള ഹൈറിസ്‌ക് വിഭാഗങ്ങളിലും പരിശോധന നടത്തും.ആരോഗ്യപ്രവര്‍ത്തകര്‍, ശ്വാസകോശ രോഗമുളളവര്‍, രോഗം മാറിയവര്‍, രോഗം സ്ഥിരീകരിച്ചവരോട് ഇടപഴകിയവര്‍, ജനക്കൂട്ടത്തോട് അടുത്തിഴപകുന്ന പൊലീസുകാര്‍ തുടങ്ങിയവരില്‍ പരിശോധന നടത്തും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അച്യുതമേനോന്‍ സെന്ററിന്റെ സഹകരണത്തോടെ സമൂഹ വ്യാപനമുണ്ടോയെന്ന് പഠിക്കും.
വിരല്‍ തുമ്പില്‍ നിന്ന് രക്തമെടുത്ത് നിമിഷങ്ങള്‍ക്കുളളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനാകുന്ന ആന്റിബോഡി പരിശോധനാ കിറ്റുകളുടെ ആദ്യ ബാച്ചാണ് സംസ്ഥാനത്തെത്തിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു