കേരളത്തിന് നേട്ടം,​ രാജ്യത്തെ മികച്ച പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12ഉം സംസ്ഥാനത്ത്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് വീണ്ടും കേന്ദ്രത്തിന്റെ അംഗീകാരം.. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 എണ്ണവും കേരളത്തിൽ. സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതോടെയാണ് കേരളത്തിന്റെ നേട്ടം. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം മൂന്ന് ആശുപത്രികൾക്ക് കൂടി ലഭിച്ചതായി ആരോഗ്യ മന്ത്രി കെകെ. ശൈലജ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ കിട്ടിയ ഈ അംഗീകാരം ആരോഗ്യ പ്രവര്‍ത്തകർക്ക് ഊർജം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.95 ശതമാനം പോയിന്റോടെ തിരുവനന്തപുരം കള്ളിക്കാട് ന്യൂ പ്രാഥമിക ആരോ​ഗ്യ കേന്ദ്രം, 94 ശതമാനം പോയിന്റോടെ പാലക്കാട് കല്ലടിക്കോട് കുടുംബ ആരോ​ഗ്യ കേന്ദ്രം, 93 ശതമാനം പോയിന്റോടെ തൃശൂർ നെന്മണിക്കര കുടുംബ ആരോ​ഗ്യ കേന്ദ്രം എന്നിവയാണ് പുതുതായി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് ബഹുമതി നേടിയത്.തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബ ആരോ​ഗ്യ കേന്ദ്രം അടുത്തിടെ 99 ശതമാനം പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസർകോട് കയ്യൂർ കുടുംബ ആരോ​ഗ്യ കേന്ദ്രവും 99 ശതമാനം പോയിന്റ് കരസ്ഥമാക്കിയിരുന്നു.ജില്ലാതല ആശുപത്രികളുടെ ഗണത്തിൽ കോട്ടപ്പറമ്പ്‌ ഡബ്ല്യു ആൻഡ് സി കോഴിക്കോട് 96 ശതമാനം പോയിന്റുകൾനേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നു. സബ് ജില്ലാ ആശുപത്രികളുടെ ഗണത്തിൽ 98.7 ശതമാനം പോയിന്റുകൾ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയിൽ ഒന്നാമതെത്തി. 12 സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം കരസ്ഥമാക്കിയ കണ്ണൂർ ജില്ല ഒരു ഡസൻ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം നേടി എടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായും മാറി. സംസ്ഥാനത്തെ 64 സ്ഥാപനങ്ങളാണ് ഇതുവരെ അംഗീകാരം സ്വന്തമാക്കിയത്. രണ്ട് സ്ഥാപനങ്ങളുടെ ദേശീയതല പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ഇതു കൂടാതെ 88 ആശുപത്രികളുടെ കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്.എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സികൾക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു