കേരളം ലോക്ക്ഡൗൺ ചട്ടം ലംഘിച്ചെന്ന് കേന്ദ്രം ; കേരളത്തോട് വിശദീകരണം തേടി

എറണാകുളം പള്ളിമുക്ക് ജംഗ്‌ഷനിൽ നിന്നുള്ള ദൃശ്യം

news@newdelhi
ലോക്ക്ഡൗൺ ചട്ടങ്ങൾ കേരളം ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. കേന്ദ്രമാർഗനിർദേശം ലംഘിച്ച് ചട്ടത്തിൽ ഇളവ് നൽകിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോട് വിശദീകരണം തേടി.
ബാർബർ ഷോപ്പുകൾക്കും ഹോട്ടലുകൾക്കും പ്രവർത്തിക്കാൻ കേരള സർക്കാർ അനുമതി നൽകിയത് ഗുരുതരമായ ചട്ടലംഘനമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.
നഗരപ്രദേശങ്ങളിലെ ചെറുകിട വ്യവസായങ്ങൾ തുറക്കാൻ അനുമതി നൽകിയതും ചട്ട വിരുദ്ധമാണ്. കാർ, ബൈക്ക് യാത്രകളിലും കൂടുതൽ ഇളവ് അനുവദിച്ചു.
വർക്ക്‌ഷോപ്പ്, റസ്റ്റോറന്റുകൾ, ബുക്ക് സ്റ്റാളുകൾ തുടങ്ങിയവ തുറക്കാൻ അനുവാദം കൊടുത്തതും മാർഗരേഖയുടെ ചട്ടലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോക്ക്ഡൗൺ ചട്ടം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ അയച്ചുകൊടുത്തിരുന്നു. ഇതിൽ നിന്നും വ്യതിചലിച്ച് കേന്ദ്രനിഷ്‌കർഷയ്ക്ക് അധികമായി ഇളവു നൽകിയത് പാർലമെന്റ് പാസ്സാക്കിയ 2005 ലെ നിയമത്തിന്റെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം ഒരു സന്ദർഭത്തിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇളവ് അനുവദിക്കുമ്പോൾ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ബാർബർ ഷോപ്പുകൾ തുറക്കുമ്പോഴും, ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയതോടെ, എങ്ങനെ സാമൂഹിക അകലം പാലിക്കുമെന്നും കേന്ദ്രസർക്കാർ കേരളത്തോട് കത്തിൽ ചോദിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു