കേരളം രോഗമുക്തി നേടിയ സംസ്ഥാനമെന്ന ബഹുമതിയിലേക്ക്:

കോവിഡ് വ്യാപനം കേരളത്തില്‍
അവസാനിക്കുന്നതായി സൂചന

തിരുവനതപുരം : പ്രത്യേക രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച സ്ഥിതിയ്ക്ക് ഈ സവിശേഷ സാഹചര്യം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുക. അതേസമയം ജില്ലക്ക് പുറത്തുള്ള സമാന കേസുകള്‍കൂടി പഠനത്തില്‍ വിഷയമാകും. ഡോക്ടര്‍മാരായ രശ്മി എം എസ്,നവീന്‍, ഗീതു മാത്യു, പാര്‍വതി എന്നിവരുടെ സംഘമാണ് ഇത് സംബന്ധിച്ച് പഠിക്കുക. ഇവരോടൊപ്പം പുഷ്പഗിരി കോളേജിലെ രണ്ട് മെഡിക്കല്‍ പി.ജി.വിദ്യാര്‍ഥികളും ഉണ്ട്.
സംസ്ഥാനത്ത് പത്തനംതിട്ടയിലാണ് ആദ്യമായി ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. മുന്‍പ് ഡല്‍ഹിയില്‍നിന്ന് എത്തിയ പന്തളം സ്വദേശിയായ വിദ്യാര്‍ഥിനിക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞ് രോഗം സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരില്‍ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച മൂന്ന് കേസുകളും ഇതേ സാഹചര്യത്തിലുള്ളതാണ്.
ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്ന വിലയിരുത്തലിലാണ് പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രോഗലക്ഷണങ്ങളോടെയും അല്ലാതെയും രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി, രോഗവ്യാപനം, ലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് വേണ്ടിയുള്ള കാലയളവിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയെല്ലാം പഠനവിധേയമാക്കും.

അതേസമയം, ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിയവര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത് രോഗവ്യാപനത്തിന്റെ മൂന്നാം വരവിന് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. അതിനാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കാം. ജനുവരി 30ന് വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനത്തിനു മുമ്പ് തന്നെ ഇവരെ ഐസൊലേഷനിലാക്കി ചികിത്സിച്ച് രോഗ മുക്തരാക്കി കേരളം മാതൃക കാട്ടി.
പിന്നീട് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തില്‍ കോവിഡിന്റെ രണ്ടാം വരവുണ്ടാകുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നവരിലൂടെയും സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായി. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയെങ്കിലും കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കലും ഐസോലേഷനും ലോക്ക്ഡൗണിലെ ശക്തമായ നിയന്ത്രണങ്ങളും അധികം വ്യാപനമുണ്ടാവാതെ കേരളത്തിന് പിടിച്ചുനിര്ത്താന്‍ സാധിച്ചു.

ഏറ്റവും ഒടുവില്‍ ഇപ്പോള്‍ കൊവിഡ്19 രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗവും വിലയിരുത്തിയിരുത്തിയിരിക്കുകയാണ്. കേരളത്തേക്കാള്‍ കോവിഡ് ബാധിതര്‍ കുറവുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തേക്കാള്‍ ഇരട്ടിയിലേറെയാണ്.
കൊറോണ ബാധിതനായ ഒരാള്‍ 2.6 പേര്‍ക്ക് രോഗം പകരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ വിദേശത്തുനിന്ന് കേരളത്തിലെത്തിയ ഇരുന്നൂറ്റമ്ബതോളം രോഗികള്‍ നൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം പകര്‍ന്നത്. ശക്തമാക്കിയ ക്വാറന്റൈനാണ് കേരളത്തെ ഇതിന് സഹായിച്ചത്. സമ്പര്‍ക്കത്തിലൂടെ ചിലരിലേക്ക് രോഗം പകര്‍ന്നെങ്കിലും ഇവരിലൂടെ പിന്നീട് രോഗബാധയുണ്ടാവാതെ തടയാന്‍ കേരളത്തിനായി. സാമൂഹിക വ്യാപനവും കേരളത്തില്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്കും കേരളത്തില്‍ കുറവാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗബാധിതര്‍ രോഗമുക്തി നേടിയതും കേരളത്തിലാണ്. ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് 2.83% ആയിരിക്കെ കേരളത്തിലത് 0.58% മാത്രമാണ്. കോവിഡ് 19 രോഗവ്യാപന സ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്നാണ് മന്ത്രിസഭായോഗത്തിന്റെയും വിലയിരുത്തല്‍. കാസര്‍കോട് ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ലെന്നതാണ് ഇപ്പോള്‍ അലട്ടുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു