കേരളം മൂന്നാംഘട്ട പ്രതിരോധത്തിനും സജ്ജം

മുൻഗണന ഫസ്റ്റ് ലൈൻ കെയർ സെന്ററുകൾക്ക്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ ലോകരാജ്യങ്ങളുടെ പ്രശംസയ്ക്ക് പിന്നാലെ, കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കാൻ മൂന്നാം ഘട്ടത്തിലും പഴുതടച്ച പ്രതിരോധത്തിന് തയാറെടുക്കുകയാണ് കേരളം. ഹോട്ട് സ്പോട്ടുകളായി കരുതുന്ന 7 ജില്ലകളിലുൾപ്പെടെ 2,378 ഫസ്റ്റ് ലൈൻ കെയർ സെന്ററുകൾ,​ കൊവിഡ് കെയർ സെന്ററുകൾ,​ അടിയന്തര സാഹചര്യം നേരിടാൻ വെന്റിലേറ്റർ യൂണിറ്റുകൾ എന്നിവ ഉൾപ്പെടെ കൊവിഡ് വീണ്ടും തലപൊക്കാതിരിക്കാനുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.

അതിർത്തികളിലുൾപ്പെടെ കൊവിഡ് സംശയിക്കുന്നവരെ രോഗ ലക്ഷണങ്ങളുടെ തുടക്കത്തിൽ തന്നെ കണ്ടെത്താനും ആവശ്യമായ ചികിത്സയും കരുതലും സ്വീകരിക്കാനുമുള്ള ഫസ്റ്റ് ലൈൻ കെയ‌ർ സെന്ററുകൾക്കാണ് മൂന്നാംഘട്ടത്തിൽ മുൻഗണന. കൊവിഡ് ഹോട്ട്‌ സ്‌പോട്ടാകാൻ സാദ്ധ്യതയുള്ള സംസ്ഥാനത്തെ 67പഞ്ചായത്തുകളിൽ അടിയന്തര ആവശ്യം വന്നാൽ, ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾക്കായി 2,378 കെട്ടിടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും ഇവയുടെ പ്രവർത്തനം. 25 കിടക്കകൾ വീതമുള്ള ഇവിടെ റൊട്ടേഷൻ അടിസ്ഥാനത്തിൽ അരഡസനോളം ഡോക്ടർമാരും ഒരു ഡസൻ സ്റ്റാഫ് നഴ്സുമാരും മൂന്ന് ഫാർമസിസ്റ്റും പത്ത് ശുചീകരണ വിഭാഗം ജീവനക്കാരും മൂന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമുണ്ടാകും. പനിയും മറ്റ് ലക്ഷണങ്ങളുമുള്ളവർക്ക് നൽകാനായി ഹൈഡ്രോക്സി ക്ളോറോ ക്വിൻ,​ അസിത്രോമൈസിൻ,​ അമോക്സിലിൻ എന്നിവ ഉൾപ്പെടെ 42 ഇനം മരുന്നുകളും ലഭ്യമാക്കും.

നിലവിലുള്ള കൊവിഡ് കെയർ സെന്ററുകൾക്കും ഐസൊലേഷൻ സെന്ററുകൾക്കും പുറമെയാണിത്.ഇവയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക്‌ ഗ്രാമപഞ്ചായത്തുകൾ 204 ഡോക്ടർമാരെ അധികമായി നിയമിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തനതു ഫണ്ടിൽനിന്ന്‌ ശമ്പളം നൽകിയാണ്‌ നിയമനം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർക്ക് പുറമേയാണിത്‌.

പഞ്ചായത്ത് പരിധിയിലുള്ള 3,396 ഡോക്ടർമാർ, 5,851 നഴ്‌സുമാർ, 4,086 പാരാമെഡിക്കൽ ജീവനക്കാർ, 280 ലാബ് ടെക്‌നീഷ്യന്മാർ, 3,410 മെഡിക്കൽ വിദ്യാർത്ഥികൾ, 7,730 പാലിയേറ്റിവ് കെയർ പ്രവർത്തകർ എന്നിവരുടെ റിസർവ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്‌.ഫസ്റ്റ് ലൈനിലെ ചികിത്സയും നിരീക്ഷണവും കൊണ്ട് രോഗം ഭേദമാകാത്തവരെ ജില്ലാ,​ ജനറൽ ആശുപത്രി തലങ്ങളിലെ കൊവിഡ് കെയർ സെന്ററുകളിലേക്കോ വെന്റിലേറ്റർ സഹായം ഉൾപ്പെടെ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജുകളിലേക്കും മാറ്റും. ഇതിനായി മെബൈൽ വെന്റിലേറ്റർ സൗകര്യമുൾപ്പെടെ സജ്ജമാക്കി മൂന്നാം ഘട്ട പ്രതിരോധത്തിന് തയ്യാറെടുത്തിരിക്കുകയാണ് കേരളം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു