കേരളം ദുരന്തഭൂമിയാകാന്‍ പ്രതിപക്ഷ നീക്കമെന്ന് മന്ത്രി കെ.ടി ജലീല്‍

ആസിയാബിയുടെ മുറിയിലെ പാമ്പിന്റെ
കഥപറഞ്ഞ് മന്ത്രി കെ.ടി. ജലീല്‍

news@malappuram

സ്പ്രിംഗ്‌ളര്‍ വിവാദത്തിനിടയില്‍ പ്രതിപക്ഷ ആരോപണത്തെ സ്വന്തം ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ച് മന്ത്രി. കെ.ടി.ജലീല്‍. ആസിയാബിയുടെ മുറിയിലെ പാമ്പിന്റെ കഥപറഞ്ഞ് നിലവിലെ ആരോപണത്തെ മുനയെടിച്ച മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഫെയ്‌സ് ബുക്കിലെ പൂര്‍ണ്ണ രൂപം:

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ കഴിയാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ കഴിയുമ്പോള്‍ ലക്ഷങ്ങളാണ് കേരളത്തിലെത്താന്‍ പോകുന്നത്. അവരുടെ വിവരങ്ങളെല്ലാം ശേഖരിച്ച് കോറണ്ടൈന്‍ സമയത്ത് കേന്ദ്രീകൃതമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുടെയും ആരോഗ്യനില ചെക്ക് ചെയ്ത് ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും ഐസൊലേഷന്‍ സമയത്ത് ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം നല്‍കാനും ഒരു സാങ്കേതികവിദ്യ ഒരു പൈസ പോലും സര്‍ക്കാറിന് ചെലവാകാതെ ഉപയോഗിക്കാന്‍ തീരുമാനിച്ച നടപടിയെയാണ് ‘സ്പ്രിന്‍ഗ്‌ളര്‍’ വിവാദമെന്ന പേരിട്ട് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം ഒരു ദുരന്ത ഭൂമിയായി കേരളം മാറണം. ഇതുവരെ അവര്‍ മോഹിച്ചതൊന്നും നടന്നില്ല. പിണറായി വിജയനെന്ന കരുത്തനായ ഭരണാധികാരിയുടെ അനിതരസാധാരണമായ നേതൃപാഠവത്തിന്റെ മികവില്‍ കൊച്ചുകേരളം ലോകത്തെ അല്‍ഭുതപ്പെടുത്തി മുന്നേറുകയാണ്. ഇത് കണ്ട് സഹികെട്ട ഒരുകൂട്ടം വികൃതമനസ്സുകാരാണ് നാട്ടില്‍ കള്ളക്കഥകള്‍ പരത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന രസകരമായ ഒരു കഥ ചില വകഭേദങ്ങളോടെ താഴെ ചേര്‍ക്കുകയാണ്.

ആസിയാബി പ്രസവിച്ചു കിടക്കുന്ന മുറിയില്‍ പാമ്പു കയറി.
ബീരാന്‍ ഓടിപ്പോയി ഒരു വടി ഓടിച്ചു കൊണ്ടുവന്നുപാമ്പിനെ തല്ലിക്കൊന്നു.

ഉമ്മയും കുഞ്ഞും രക്ഷപെട്ടു.

എല്ലാം കഴിഞ്ഞ് അപ്പുറത്തെ പോളിടെക്‌നിക്കല്‍ പഠിച്ച ഉസ്മാന്‍ വന്നു കാര്യങ്ങള്‍ തിരക്കി …

കേട്ടപാതി ഗുരുതരമായ ആരോപണങ്ങളാണ് ഉസ്മാന്‍ ഉന്നയിച്ചത്.

1) ഉപയോഗിച്ച് വടിയുടെ സ്‌ട്രെങ്ങ്ത് അനാലിസിസ് ചെയ്തിരുന്നോ ? ആ വടി
ഒടിഞ്ഞിരുന്നു എങ്കില്‍ ആസിയാബീ, കുഞ്ഞ് പാത്തുമ്മ, ബീരാന്‍ അടക്കം നാല് ജീവനുകള്‍ക്ക് ആര് ഉത്തരം പറയും ?

2) വടിയുടെ ഇലാസ്റ്റിസിറ്റിയും സോഫ്റ്റ്‌നസ്സും നോക്കിയോ? ഇത്ര കടുപ്പമുള്ള വടികൊണ്ട് അടിച്ചപ്പോള്‍ ഉണ്ടായ ശബ്ദം കുറച്ചു കൂടിയിരുന്നുവെങ്കില്‍ ആറു ദിവസം പ്രായമായ കുഞ്ഞിന്റെ കേള്‍വിക്ക് തകരാറുണ്ടാകാന്‍ ഇടവരുത്തുമായിരുന്നില്ലേ?

3) വടിയുടെ ദൂരം റൂഫിന്റെ ദൂരം അടുത്തുള്ള മറ്റു ഫര്‍ണിച്ചറുകളുടെ ദൂരം മുതലായ കാര്യങ്ങള്‍ പരിശോധിച്ച് ഒരു റിസ്‌ക് അനാലിസിസ് നടത്തിയിരുന്നോ? അടി പാഴായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചോ?

4) എന്തിന് ആ മരത്തിന്റെ കൊമ്പു തന്നെ പൊട്ടിച്ചെടുത്തു? വേറെ വടികളൊന്നും പരിസരത്ത് കിട്ടാനില്ലെന്ന് ഉറപ്പാക്കിയിരുന്നോ? ഇല്ലെങ്കില്‍ ആ മരത്തിന് സംഭവിച്ച തകരാര്‍ ആരു പരിഹരിക്കും? ??

ബീരാന്‍ ഒന്നും മിണ്ടിയില്ല. പാത്തുമ്മയും ആസിയാബിയും ഉസ്മാനെ നോക്കി അത്ഭുതംകൂറി??

ഉസ്മാന്‍ വിജ്ഞാനം വിളമ്പല്‍ തുടര്‍ന്നപ്പോ ബീരാന്‍ പറഞ്ഞു; പാമ്പ് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ കയ്യില്‍ കിട്ടിയതെന്തോ അതെടുത്ത് അതിനെ നേരിടാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. അപ്പോ കയ്യിക്കിട്ട്യ വടിന്റെ നീളവും വണ്ണവും നോക്കാന്‍ നില്‍ക്കലല്ല എന്റെ പണി. ഇജ്ജ് പറയണപോലെ ചിട്ടയും വ്യവസ്ഥയും നോക്കീന്നെങ്കില് ആസ്യാന്റെയും കുട്ടിന്റെം കാര്യം കാണായിരുന്നു ?

ഇത് കേട്ട പാത്തുമാത്ത ഈര്‍ഷ്യത്തോടെ ഉസ്മാനെ നോക്കി പല്ലിറുക്കി പറഞ്ഞു; ഒരാപത്ത് വന്നപ്പോ ഓടിവന്ന് രക്ഷിക്കാനെയ് ബീരാനാണ്ടായത്. എല്ലതും കെയ്ഞ്ഞപ്പളാ ഇസ്തിരി ചുളിയാത്ത വര്‍ത്താനം പറയണ ഇജ്ജ് അന്റെ അറിവ് വെളമ്പാന്‍ ഇങ്ങട്ട് വന്നത്. ഇന്നക്കൊണ്ട് കൂടുതലൊന്നും ഇജ്ജ് പറയിപ്പിച്ചണ്ട.

പന്തിയല്ലെന്ന് കണ്ട ഉസ്മാന്‍ ഇളിഞ്ഞ ചിരിയോടെ സ്ഥലം വിട്ടു. ബീരാനാകട്ടെ നെഞ്ചും വിരിച്ച് വീട്ടിലേക്ക് നടന്നു. കൊറോണ വന്നു. കോവിഡ് പോയി. ഉസ്മാന്‍മാര്‍ വന്നുകൊണ്ടേയിരിക്കും (കടപ്പാട്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു