കുറ്റ്യാടി എം.എൽ.എക്കെതിരെ സി.പി.എം: ശബ്ദ സന്ദേശം വിഭാഗീയത പടർത്തുന്നത്

കോഴിക്കോട്: വിവിധ മഹല്ലുകമ്മറ്റികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ ശബ്ദസന്ദേശം അങ്ങേയറ്റം വിഭാഗീയത പടർത്തുന്നതും അപലപനീയവുമാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

കോവിഡ് പ്രോട്ടോക്കോളും സത്യപ്രതിജ്ഞാലംഘനവും നടത്തിയ എം.എൽ. എക്കെതിരെ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അങ്ങേയറ്റം കുറ്റകരമായ വിഭാഗീയ
പ്രവർത്തനമാണിത്. എം.എൽ.എ എന്ന നിലയിൽ എടുത്തിട്ടുള്ള സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനവുമാണിത്.
ലോകാരോഗ്യസംഘടനയുടെ നിർദ്ദേശാനുസരണം രാജ്യവും സംസ്ഥാനവും അംഗീകരിച്ചു പാലിക്കുന്ന കോവിഡ് പ്രതിരോധ പ്രോട്ടോക്കോളിന് വിരുദ്ധവുമാണ് സാമുദായികമായ വിഭാഗീയത സൃഷ്ടിക്കുന്ന ഈ ശബ്ദസന്ദേശം എന്ന് സി.പി.എം ചൂണ്ടിക്കാട്ടി.

മത ജാതി കക്ഷി വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് എല്ലാ മതസമുദായ നേതൃത്വ ങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമകരമായ
പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഇത്രയും സങ്കുചിതവും ഉത്തരവാദിത്വരഹിതവുമായ ഇടപെടലുണ്ടായിരിക്കുന്നതെന്ന് ജനാധിപത്യ മതനിരപേക്ഷശക്തികൾ ഗൗരവപൂർവ്വം കാണണമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സുന്നി, മുജാഹിദ് വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കൾ വിദേശത്തുള്ള സഹോദരങ്ങളെ നാട്ടിൽ എത്തിച്ചാൽ ക്വാറന്റൈൻ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതൽ നടപടികൾക്കും തങ്ങളുടെ സ്ഥാപനങ്ങൾ വിട്ടുതരുന്നതുൾപ്പെടെ എല്ലാ സഹായങ്ങളും സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരാരും പ്രവാസികളുടെ പ്രശ്നത്തെ ഒരു പ്രത്യേക മതത്തിന്റെ പ്രശ്നമായിട്ടല്ല കണ്ടിട്ടുള്ളത്.

ജനങ്ങളുടെ ഐക്യത്തിനും യോജിച്ചുനിന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും വിള്ളലുണ്ടാക്കുന്ന ഒരു തരത്തിലുമുള്ള നീക്കങ്ങളും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു