കാസർകോട്ടെ കൊവിഡ് വിവര ചോർച്ച : രോഗികളുടെ പരാതി ഇല്ല; അന്വേഷണം തുടങ്ങി

കാസർക്കോട് ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും രോഗികളുടെയും രോഗവിവരങ്ങൾ ചോർന്നു എന്ന മാദ്ധ്യമ വാർത്തയുടെ നിജസ്ഥിതി അറിയാൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ മെഡിക്കൽ ഓഫീസർ കത്ത് നൽകി.

കൊവിഡ് രോഗികളിൽ നിന്നോ രോഗമുക്തരായവരിൽ നിന്നോ ഇതു സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ മാധ്യമവാർത്തകളുടെ നിജസ്ഥിതി അറിയുന്നതിനാണ് അന്വേഷണത്തിന് അഭ്യർത്ഥിച്ചിരിക്കുന്നതെന്ന് ഡി എം ഒ വ്യക്തമാക്കി.

കാസർക്കോട് നിന്നുള്ള ദൃശ്യം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 റിപ്പോർട്ട് ചെയ്ത ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ കാസര്‍കോട് ജില്ല കൊറോണ പ്രതിരോധത്തില്‍ വിജയകരമായ മാതൃകയുമായി ഉയരുന്നു. ജില്ലയില്‍ വൈറസ് ബാധിതരായ 91.4 ശതമാനം പേരും രോഗമുക്തി നേടി. ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച 175 പേരില്‍ 160 പേരും രോഗമുക്തരായി. തുടര്‍സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ 3792 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3104ഉം നെഗറ്റീവ് ആയിരുന്നു. 370 പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.
കൊറോണ ബാധിതരില്‍ 118 പുരുഷന്മാരും 41 സ്ത്രീകളും 16 കുട്ടികളുമാണ്. ഇതില്‍ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു വൈറസ് പകര്‍ന്നത്.
ഇത് വരെ 10960 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ക്വാറന്റൈന്‍/ഐസൊലേഷനില്‍ നിന്നും നിന്നും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെമാത്രം 256 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചതും ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നതും കാസര്‍കോട് ജനറല്‍ ആശുപത്രിയാണ്. ഇവിടെ പ്രവേശിപ്പിച്ച 90 കോവിഡ് ബാധിതരില്‍ 89 പേരും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ 42 പേരില്‍ 37 പേരും കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 22 പേരില്‍ 13 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജില്ലയിലെ 19 പേരില്‍ 18 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രണ്ട് പേരും നെഗറ്റീവായി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിനിടയിൽ കൊവിഡ് രോഗികളുടെ വിവരം കണ്ണൂരിലും ചോർന്നു എന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഗൂഗിൾ മാപ്പ് ലിങ്കിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നും വീണ്ടും വാർത്തകൾ വരുന്നുണ്ട്. പൊലീസ് അനാസ്ഥ കാരണമാണ് വിവരങ്ങൾ ചോർന്നതെന്നാണ് ആരോപണമുള്ളത്.
കണ്ണൂർ സൈബർ സെൽ വിഭാഗമാണ് കണ്ണൂരിൽ ലിങ്ക് തയ്യാറാക്കിയത്. രോഗികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ മാപ്പിൽ ലഭ്യമാക്കിയിരുന്നു. മാപ്പ് തുറക്കാൻ പാസ് വേഡ് പോലും വേണ്ടിയിരുന്നില്ലെന്നാണ് അറിയുന്നത്.

സംസ്ഥാനത്ത് നിലവിൽ എറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിലാണ്. നിലവിൽ 54 പേരാണ് കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ 110 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക് വ്യക്തമാക്കുന്നത്. നിലവിൽ 2720 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 114 പേർ ആശുപത്രിയിലും, 2606 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു