‘കരഞ്ഞിരുന്നിട്ട് കാര്യമില്ല, ഇനി പൊരുതണം’ : മുഖ്യമന്ത്രി

കോവിഡ് പ്രതിസന്ധി കാര്‍ഷിക
പരിഷ്‌കരണത്തിനുള്ള പാഠമാണ്

by web desk
കൊവിഡ് 19 എന്ന വൈറസ് ലോകത്ത് നാശംവിതച്ച് നാല്മാസം പൂര്‍ണ്ണ മാകാന്‍ ദിവസങ്ങള്‍ ബാക്കിയായെങ്കിലും ആശങ്ക പരത്തികൊണ്ടിരിക്കയാണ്. ലോക്ക് ഡൗണ്‍ അല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നുള്ളതും സാമൂഹിക അകലം പാലിക്കുക എന്നുള്ളതുമാണ് നിലവില്‍ രോഗം പടരാതിരിക്കാനുള്ള മാര്‍ഗമെന്ന് ആരോഗ്യരംഗം പറയുന്നത്.
ഈ ആശങ്ക ലോകത്തില്‍ മനുഷ്യരാശിയുടെ തുടര്‍ന്നുള്ള യാത്രയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഏതൊരു സന്ദര്‍ഭത്തിലും അവശ്യം വേണ്ടത് ഭക്ഷ്യ ലഭ്യതയാണ്. ഇതിനായി രോഗവ്യാപനത്തിനിടയിലും മനുഷ്യശേഷി ഉപയോഗപ്പെടുത്തേണ്ട മേഖല ഭക്ഷ്യവിഭവത്തിന്റെ പുതിയ തന്ത്രങ്ങളിലേയ്ക്കാണ്. ഇതില്‍ ഇപ്പോഴെ ശ്രദ്ധകേന്ദ്രീകരിച്ചാലെ, വരും തലമുറക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയൂ. ആ ചിന്തയിലേയ്ക്കാണ് ഭരണാധികാരികളും മനസ് ഏകോപിപ്പിക്കുന്നത്. ഇതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇന്നലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധിക്കാം…..

”നാം കടന്നുപോകുന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണ്. നമ്മുടെ നാട് മാത്രമല്ല, രാജ്യമായാലും ലോകമായാലും ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടാണ് നില്‍ക്കുന്നത്. ഇനി ഏതെല്ലാം തരത്തിലുള്ള ആപത്താണ് വരാനിരിക്കുന്നതെന്ന് കണ്ടറിയേണ്ടതുണ്ട്. ഇത് ഒട്ടെറെ മനുഷ്യജീവന്‍ കവരുന്നു. സാമൂഹ്യജീവിതം നിശ്ചലമായിരിക്കുന്നു. നാടും രാജ്യവും ലോകവും സ്തംഭിച്ചിരിക്കുന്നു. നാടിന്റെ, രാജ്യത്തിന്റ, ലോകത്തിന്റെ വിവിധ മേഖലകള്‍ സ്തംഭിച്ചിരിക്കുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളില്‍ വലുതായിരിക്കും. ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പ്രശ്‌നമുണ്ടായാല്‍ മറ്റ് ചില ഭാഗങ്ങള്‍ വെച്ചുകൊണ്ട് അത് മറികടക്കാന്‍ നമുക്ക് ശ്രമിക്കാം. ഇവിടെയുള്ള പ്രത്യേകത, ഈ മഹാമാരി എല്ലായിടങ്ങളെയും ബാധിച്ചിരിക്കുന്നു എന്നതാണ്. അതിന്റെ ഭാഗമായി വിവിധ മേഖലകള്‍ വലിയതോതിലുള്ള തിരിച്ചടി നേരിടുകയാണ്. അതിന് നമ്മുടേതുപോലുള്ള ഒരു സംസ്ഥാനം ഇപ്പഴേ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിട്ടുണ്ട്. നമ്മുടെ സംസ്ഥാനം പല കാര്യങ്ങളിലും മറ്റ് പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ്. അതിന് മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണതയില്‍ എത്തിയിട്ടില്ല. പക്ഷേ ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ ഒരു സംഹാരമുഖം രാജ്യത്തും ലോകത്തും കൂടുതല്‍ രൗദ്രഭാവത്തോടെ പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാല്‍ നാം അതിനേയും നേരിടേണ്ടവരാണല്ലോ. അന്ന് നാം കരഞ്ഞിരുന്നിട്ട് കാര്യമില്ല. ഇപ്പോള്‍ മുതലേ നാം അതുമായി ബന്ധപ്പെട്ട കരുതല്‍ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്. നാം പഴയതുപോലെ ചിന്തിച്ചാല്‍ പോരാ. നമ്മുടെ നാടിന്റെ പ്രത്യേകത ഉള്‍ക്കൊണ്ടുകൊണ്ട് ഈ മഹാമാരിയുടെ രൗദ്രഭാവം ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കികൊണ്ട് അതിനെ നേരിടാനുള്ള കരുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ തന്നെ കടക്കേണ്ടതായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് ഇപ്പോള്‍ ഭദ്രമാണ്. ഈ ദിവസങ്ങളില്‍ പ്രയാസങ്ങളില്ലാതെ കടന്നുപോകാനുള്ള ധാന്യശേഖരവും മറ്റ് ഭക്ഷ്യ സാമഗ്രികളും നമുക്കുണ്ട്.
എന്നാല്‍, ഈ പ്രതിസന്ധി തുടര്‍ന്നുപോയാല്‍ സ്ഥിതി മാറിയേക്കാം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ എങ്ങനെ ബാധിക്കും എന്നതിനനുസരിച്ച് അത് നില്‍ക്കുന്നത്. അതുകൊണ്ട് വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ നാം മുന്നൊരുക്കങ്ങള്‍ നടത്തണം. കാര്‍ഷികമേഖലയില്‍ വലിയതോതിലുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും യോജിച്ചുള്ള പദ്ധതികളാണ് ഇതിനായി ആവിഷ്‌കരിക്കുക. നമ്മുടെ നാട്ടില്‍ ആവശ്യത്തിന് കൃഷിഭൂമിയില്ല. എന്നാല്‍, തരിശിടുന്ന ഭൂമിയുടെ അളവ് വലുതാണ് എന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നു. ഒരിടത്തും ഭൂമി തരിശിടില്ല എന്നതാണ് ഇനി നാം അനുവര്‍ത്തിക്കുന്ന നയം.

കോവിഡ് പ്രതിസന്ധി കാര്‍ഷിക വര്‍ധനയ്ക്കും കാര്‍ഷിക വിപണന സംവിധാനം പരിഷ്‌കരിക്കുന്നതിനുമുള്ള പാഠമായാണ് സര്‍ക്കാര്‍ കാണുന്നത്. കിഴങ്ങുവര്‍ഗങ്ങള്‍ ഒരു ഘട്ടത്തില്‍ നമ്മുടെ നാട്ടിന്‍പുറത്ത് നന്നായി കൃഷി ചെയ്തിരുന്നു. അത്തരമൊരു അവസ്ഥ തിരിച്ചുകൊണ്ടുവരും. ആധുനിക കൃഷിരീതികളിലേക്ക് പെട്ടെന്നുതന്നെ നമുക്ക് കടക്കേണ്ടിവരും. സാമ്പ്രദായികമായി കൃഷിചെയ്യുന്ന വിളകള്‍ക്കൊപ്പം ഫലവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.
യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കും. യുവാക്കളുടെ കഴിവും ബുദ്ധിയും കൃഷിക്കുവേണ്ടി ഉപയോഗിക്കാനും അതിന് തക്ക പ്രതിഫലം നല്‍കുന്ന സ്ഥിതി ഉണ്ടാക്കാനുമാണ് ശ്രമിക്കുക.
എല്ലാവരോടുമായി അഭ്യര്‍ത്ഥിക്കുകയാണ് വലിയ തോതിലുള്ള ഇടപെടല്‍ കാര്‍ഷികരംഗത്ത് നടത്തണം. നാം നേരിടാന്‍ പോകുന്ന ദുര്‍ഘടസന്ധിയെ നേരിടാന്‍ നമുക്കാവുന്നതെല്ലാം ഇവിടെ ചെയ്യാനാകണം….” ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഒരു ഭരണാധികാരിയുടെ ജനങ്ങളിലുള്ള കരുതലാണ് ഈ വാക്കുകളില്‍ പ്രകടമാകുന്നതെന്ന് വ്യക്തം. നാം കരഞ്ഞിട്ട് കാര്യമില്ല….മഹാമാരിയുടെ രൗദ്രഭാവം വരുമ്പോഴെയ്ക്കും കാര്‍ഷിക രംഗത്ത് നേട്ടം കൈവരിക്കണമെന്നാണ് സര്‍ക്കാര്‍ നയം. നിലവില്‍ നാം ഓരോരുത്തരും കാര്‍ഷികമേഖല ഒരു ജോലിയായി കരുതാതെ കുടുംബത്തില്‍ ഒരു വിനോദോപാതിയായി കാണുകയാണ് വേണ്ടത്.

കൃഷി എങ്ങിനെ കുടുബത്തോടൊപ്പം കൊണ്ടുപോകാമെന്ന ഒരു പദ്ധതി കോഴിക്കോട് ‘നിറവ് വേങ്ങേരി’ നടപ്പാക്കുന്നുണ്ട്. ‘മിദോരി ഭവന്‍’ അഥവാ ഹരിത ഭവനം. കോവിഡ് കാലത്തെ അതിജീവിക്കാന്‍, നമ്മുടെ ഉണര്‍വ്വും ഉന്മേഷവും ലക്ഷ്യബോധവും ചുരുങ്ങി പോകാതെ കരുതലോടെ ശാസ്ത്രീയമായ ജീവിത രീതി നിലനിര്‍ത്തി നമുക്ക് കോവിഡ് അകറ്റാമെന്നാണ് അവരുടെ പ്രവര്‍ത്തനം. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയാണ് നിറവ്. സംസ്ഥാനത്ത് ഉറവിട മാലിന്യ സംസ്ക്കരണത്തിന് നിലവില്‍ പ്രവര്‍ത്തിക്കുന്നതും നിറവാണ്.

നിറവ് പ്രോജക്ട് ഡയറക്ടര്‍ ബാബു പറമ്പത്ത് പറയുന്നു…..
പഴവും പചക്കറിയും നമുക്ക് തന്നെ വിളയിച്ചെടുക്കാം. ഒന്നു ശ്രദ്ധിച്ചാല്‍, ഇത്തിരി പ്രയത്‌നിച്ചാല്‍ അക്കാര്യത്തില്‍ നമ്മെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല.
നമ്മുടെ വീട് ‘ഹരിത ഭവന’മാകുമ്പോള്‍ പ്രദേശത്ത് എല്ലാവരും അതേ വിധത്തിലാകുമ്പോള്‍ തീര്‍ച്ചയായും നാം ആഹ്ലാദിക്കും. ഈ വിധത്തില്‍ ജല ഉപയോഗത്തില്‍ മിതത്വവും ക്രമീകരണവും ഉണ്ടായാല്‍ , മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതില്‍ ശാസ്ത്രീയ നിലപാട് പിന്തുണര്‍ന്നാല്‍, വൈദുതി ഉപയോഗത്തില്‍ ശാസ്തീയ കാഴ്ച്ചപാട് പുലര്‍ത്തിയാല്‍ നമുക്കു ചുറ്റും മരങ്ങള്‍ നട്ടുവളര്‍ത്തി പരിസരം കാര്‍ബണ്‍ ന്യൂട്രലാക്കിയാല്‍ നാം സംസ്‌ക്കാരമുള്ളവരും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരുമായി മാറും.

ഇതിന് വേണ്ടത് എന്തൊക്കെയാണന്ന് പറയുന്നു. മണ്ണൊരുക്കുന്നതെങ്ങനെ? തടം വെട്ടുന്നതെങ്ങനെ?
വിത്തെവിടുന്ന്കിട്ടും ?പരിപാലനം എങ്ങനെ ? ഉത്തരം റെഡി് ‘നിറവ് ‘ നോട് ചോദിക്കാം.
നിറവ് പതിനഞ്ചാം വയസ് ലേക്ക് കടക്കുമ്പോള്‍ ഓരോ വീട്ടിലും ഇതിന് തുടക്കമിടും. കോഴിക്കോട് കോര്‍പ്പറോഷനില്‍ 15,000 വും ജില്ലയില്‍ 25,000 വും ‘ഹരിത ഭവന’ മുണ്ടാക്കാനാണ് ആലോചിക്കുന്നത്. അപ്പോള്‍ കേരളമാകെ ഒത്തുപിടിച്ചാല്‍ ഹരിത ഭവനങ്ങള്‍ ചുരുങിയത് എത്ര എണ്ണം എന്ന് ആലോചിച്ചു നോക്കൂ. ചുരുങ്ങിയത് ഒരു ലക്ഷം. ! ഇതുവഴി ജൈവകാര്‍ഷിക വിഭവങ്ങളുടെ ലഭ്യതയും നമുക്കായി ഉണ്ടാകും.

ആരും കഠിനാധ്വാനികളാവേണ്ടതില്ല. ഒറ്റ കെട്ടാവണമെന്നേ ഉള്ളു .ഉറച്ചതീരുമാനം വേണം.
പരസ്പര സഹകരണവും ഇത്തിരി തിരിച്ചറിവും കൃഷിയോട് ഇത്തിരി മമതയും ഉണ്ടായാല്‍ ആരും സംശയിക്കേണ്ട . നാം ഹരിത ഭവനത്തിനുടമകളാവും. ‘നിറവ് ‘ന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ നിങ്ങളെ തുണക്കും. നിര്‍ദ്ദേശങ്ങളും സഹായവും 9447 276 177 വിരല്‍ തുമ്പില്‍ വന്നു ചേരും.

ഇത്തരത്തില്‍ നിരവധി കാര്‍ഷിക രംഗത്തും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും റസിഡന്‍സ് അസോസിയേഷനുകളുമുണ്ട്. കാര്‍ഷിക രംഗത്ത് കുടുംബങ്ങളുടെ സജീവമായ ഇടപെടലുകളുണ്ടായാല്‍ ഒരു വര്‍ഷം കൊണ്ട് കേരളത്തിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിയും. (മിദോരി എന്ന വാക്കിന് ജപ്പാന്‍ ഭാഷയില്‍ ഹരിതം എന്നാണര്‍ത്ഥം). പദ്ധതിയുടെ സാങ്കേതിക സഹായം ആവശ്യമുള്ളവര്‍ക്ക് നിറവ് വേങ്ങേരി നല്‍കുമെന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

കുറഞ്ഞ കാലം കൊണ്ട് കുറഞ്ഞ സ്ഥലമുള്ള പുരയിടമാണങ്കിലും ചെറിയ ഫലവൃക്ഷങ്ങളായ പ്ലാവ്, മാവ്, പേര, ജാമ്പ, സപ്പോട്ട, നെല്ലി, ലിച്ചി എന്നിവ നട്ടുവളര്‍ത്തി പുരയിടം കാര്‍ബണ്‍ ന്യൂട്രലാക്കാം. സംസ്ഥാനം ആരോഗ്യ രംഗംപോലെ കാര്‍ഷിക രംഗത്തും പുതിയ ഒരു മാറ്റം ലോകത്തിനുമുന്നില്‍ മിഴിതുറക്കും.

Visit : www.keralaonetv.in

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു