ഉപതെരഞ്ഞെടുപ്പ് : കുട്ടനാട്, ചവറ നടത്തുക പ്രായോഗികമല്ല: ടിക്കാറാം മീണ

തിരുവനന്തപുരം: കോവിഡ് രോഗം വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കൊവിഡ് വൈറസ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
കേരളത്തില്‍ മാത്രമായി തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലെന്നും ലോക്ഡൗണിന് ശേഷം തിരഞ്ഞടുപ്പ് നടത്താനുള്ള സാവകാശം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയ്ക്ക് ഒരു വര്‍ഷമെങ്കിലും കാലാവധി ബാക്കിയുണ്ടെങ്കിലേ ഉപതിരഞ്ഞെടുപ്പുകള്‍ നടത്താനാവുകയുള്ളൂ. 2016 മെയില്‍ അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി 2021 മേയ് 25നാണ് തീരുക. മെയില്‍ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഈ മാസം അവസാനമോ മെയ് ആദ്യമോ എങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കണം. എന്നാല്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് പാര്‍ട്ടികള്‍ക്കും വോട്ടര്‍മാര്‍ക്കും ഒരേ പോലെ വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു