ഇന്ന് പെസഹ, കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കി, അടച്ചിട്ട പള്ളികളില്‍ തിരുകര്‍മ്മങ്ങള്‍

കൊച്ചി: ഇന്ന് പെസഹ വ്യാഴം. കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് ലോകം. പെസഹ ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ രാവിലെ ദിവ്യബലിയും തിരുകര്‍മ്മങ്ങളും നടന്നു. ചടങ്ങുകള്‍ തത്സമയ സംപ്രേഷണത്തിലൂടെ വീട്ടിലിരുന്ന് വിശ്വാസികള്‍ പങ്കാളികളായി.
കൊവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടായിരുന്നു ചടങ്ങുകള്‍. അഞ്ച് പേര്‍ മാത്രമാണ് പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. കാല്‍കഴുകല്‍ ശുശ്രൂഷയും പൊതു ആരാധനയ്ക്ക് ശേഷം ദേവാലയങ്ങളില്‍ നടക്കാറുള്ള പെസഹ ഊട്ടും അപ്പം മുറിക്കലും മുന്‍ നിശ്ചയപ്രകാരം ഒഴിവാക്കി. വീടുകളിലെ അപ്പം മുറിയ്ക്കല്‍ വീട്ടുകാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹാ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്ബില്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ രാവിലെ ചടങ്ങുകള്‍ക്ക് ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഫോര്‍ട്ട്‌കൊച്ചി ബിഷപ്പ്‌സ് ഹൗസ് ചാപ്പലില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന പെസഹാ ശുശ്രൂഷകളില്‍ കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ കാര്‍മികത്വം വഹിക്കും.അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും താഴത്തെ പള്ളിയിലും രാവിലെ ഏഴിന് പെസഹാ തിരുകര്‍മ്മങ്ങള്‍ നടന്നു.
ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ നാളെ ദുഃഖവെള്ളി ആചരിക്കും. നഗരികാണിക്കല്‍ പ്രദക്ഷിണം, കുരിശിന്റെ വഴി എന്നിവ ഉണ്ടാകില്ല. ദേവാലയങ്ങളിലെ പാതിരാ കുര്‍ബാന ഒഴിവാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു