
സുരേഷ് ഗോപിയുടെ
മകൻ്റെ എഫ് ബി പോസ്റ്റ് വൈറലാകുന്നു…
കൊച്ചി: കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലക്ക് വേണ്ടി അച്ഛനും എം.പി.യുമായ സുരേഷ്ഗോപി ചെയ്ത സഹായങ്ങളും മറ്റു സേവനങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെയും സംസാരിക്കാതെയും പോകുന്നുവെന്ന് മകനും നടനുമായ ഗോകുല്‍ സുരേഷിന്റെ പോസ്റ്റ് വൈറലാകുന്നു.
“ഈ വസ്തുതകള്‍ മൂടിവെക്കപ്പെടേണ്ടതല്ല, അറിയപ്പെടേണ്ടത് ആണെന്ന് തോന്നിയതുകൊണ്ടാണ് ഇവ പങ്കുവെക്കുന്നത്’- ഗോകുല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. കോവിഡ്-19 രോഗബാധയും വ്യാപനവും ഏറ്റവും കൂടുതലുണ്ടായ കാസര്‍കോട് ജില്ലക്ക് മൂന്ന് വെന്റിലേറ്ററുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധിക്കാനാവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അച്ഛന് അനുവദിച്ചിരുന്നു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികളെ സഹായിക്കാന്‍ വേണ്ടി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ മുന്നോട്ട് വന്ന സുരേഷ്ഗോപി കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോഴും ഒരു കൈത്താങ്ങായി കൂടെ നില്‍ക്കുന്നുണ്ടെന്നത് മകന് എന്ന നിലയില്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.
മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ആസ്പത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും അടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് കാസര്‍കോട് ജില്ലാകലക്ടറെ അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട് സാമ്പത്തിക സഹായമായി 25 ലക്ഷം രൂപ അച്ഛന് സഹായം അറിയിച്ചത് ആ നാടിനോടുള്ള വലിയ സ്നേഹം കൊണ്ടാണ്. ഇതിന് പിന്നാലെ ഞാന്‍ നേരത്തെ സൂചിപ്പിച്ച മൂന്ന് വെന്റിലേറ്ററും എക്സ്റേ യൂണിറ്റും അച്ഛന്റെ വകയായി അനുവദിച്ചു. അതും കഴിഞ്ഞ് രണ്ട് ദിവസം മുമ്പ്, ഏപ്രില്‍ അഞ്ചാം തീയതി കാസര്‍കോട് ജില്ലയില്‍പ്പെട്ട ബദിയടുക്ക, മുളിയാര്‍, ചെറുവത്തൂര്‍, പെരിയ, മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സി.എച്ച്.സി. സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരമങ്ങള്ക്കായി 29.25 ലക്ഷം രൂപയും അച്ഛന്റെ എം.പി. ഫണ്ടില്‍ നിന്ന് അനുവദിച്ചു.

എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോടിന് കൈത്താങ്ങായി സുരേഷ്ഗോപി കൂടെയുണ്ടാവാറുണ്ടെന്നും അഭിമാനത്തോടെ ഗോകുല്‍ സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.