ഹലോ സയനോര… കോള്‍ സെന്ററിന് വന്‍ സ്വീകാര്യത

കണ്ണൂർ: ഹലോ… കോള്‍ എടുത്തതും മറുതലയ്ക്കല്‍ നിന്നും അവശ്യസാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോണ്‍ വെക്കുന്നതിന് മുമ്പ് സയനോര പറഞ്ഞു, ഇത് ഞാനാണ് ഗായിക സയനോര. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യ സാധന വിതരണത്തിന് ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോള്‍ സെന്ററില്‍ ഞായറാഴ്ച കോളുകള്‍ എടുക്കാനും പൊതുജനങ്ങളോട് അല്‍പ്പം കുശലം പറയാനും ഗായിക സയനോര ഫിലിപ്പുമുണ്ടായിരുന്നു.

താവക്കര സ്വദേശിനിയായ രജനി രാജേന്ദ്രന്റേതായിരുന്നു ആദ്യ കോള്‍. പാല്‍, ഉരുളക്കിഴങ്ങ്, ഉള്ളി, നേന്ത്രപ്പഴം, ഹാന്റ് വാഷ്, ഡിഷ് വാഷ് തുടങ്ങി പത്തോളം സാധനങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു രജനിയുടെ വിളി. ഇതുപോലെ ദിനംപ്രതി 200ലേറെ പേരാണ് ജില്ലാപഞ്ചായത്തിന്റെ കോള്‍ സെന്ററിലേക്ക് വിളിച്ച് സാധനങ്ങള്‍ ആവശ്യപ്പെടുന്നത്.

ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ കേന്ദ്രീകരിച്ച് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കാള്‍ സെന്റര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

വിവരങ്ങള്‍ അറിയിക്കുന്നതിനായി അഞ്ച് വാടസ് ആപ്പ് നമ്പറുകളും തയ്യാറാക്കിയിട്ടുണ്ട്. 9400066016, 9400066017, 9400066018, 9400066019 നാലു നമ്പറുകള്‍ അവശ്യ സാധനങ്ങള്‍ക്കും 9400066020 എന്ന നമ്പര്‍ ആവശ്യമുള്ള മരുന്നുകളെക്കുറിച്ച് വിവരം നല്‍കാനുമാണ്. ആവശ്യക്കാര്‍ വാട്സ് ആപ്പ് വഴി വിവരങ്ങള്‍ അറിയിക്കണം. ഈ നമ്പറിലേക്ക് എസ് എം എസ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വിലമാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കാള്‍സെന്റര്‍ വഴി ലഭ്യമാക്കും. പരമാവധി ഒരാഴ്ചത്തേക്ക് വേണ്ട സാധനങ്ങളാണ് വീട്ടിലെത്തിക്കുക.

പാകം ചെയ്ത ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കില്‍ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചന്‍സെന്ററിനെ വിവരമറിയിച്ച് ഭക്ഷണം ലഭ്യമാക്കും.
ജില്ലാ ഭരണ കൂടം, ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍, ജില്ലാ സ്‌പോര്‍ടസ് കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ്, നെഹ്‌റു യുവ കേന്ദ്ര, കുടുംബശ്രീ, വനിത ശിശു വികസന വകുപ്പ്, എന്‍ സി സി, എന്‍ എസ് എസ് ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ചാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നത്.

പത്ത് വളണ്ടിയേഴ്സിനെ കോള്‍ സെന്ററിലും അമ്പതോളം വളണ്ടിയേഴ്സിനെ ഡെലിവറിക്കുമായി നിയമിച്ചിട്ടുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാവും ഡെലിവറി ബോയ്സ് വീടുകളിലെത്തുക. ഗുഗിള്‍പേ വഴിയാണ് ഇടപാട് നടത്തുക. അതില്ലാത്തവര്‍ക്ക് സാധാരണ നിലയിലും പണം നല്‍കാവുന്നതാണ്. പദ്ധതിയില്‍ സുപ്പര്‍മാര്‍ക്കറ്റ് അസോസിയേഷനും പങ്കാളികളാകുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു