കോഴിക്കോട്: വെള്ളയില്‍ ബിവറേജസ് കോര്പ്പറേഷന് ഗോഡൗണില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ ജനം ടി.വി. വാര്‍ത്താസംഘത്തെ മര്‍ദിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൊറോണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ച് ഗോഡൗണില്‍ മദ്യം ഇറക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ജനം ടി.വി. റിപ്പോര്‍ട്ടര്‍ എ.എന്‍. അഭിലാഷ്, ക്യാമറാമാന് കെ.ആര്. മിഥുന് എന്നിവരെയാണ് ഒരു സംഘം അട്ടിമറി തൊഴിലാളികള്‍ വളഞ്ഞുവെച്ച് മര്‍ദിച്ചത്. ഒടുവില്‍ പൊലിസെത്തിയാണ് ഇവരെ രക്ഷിച്ചത്.
മര്‍ദനത്തില്‍ പരുക്കേറ്റ അഭിലാഷും മിഥുനും ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് 19 രോഗഭീതി നിലനില്‍ക്കുന്ന കാലത്ത് മറ്റെല്ലാവരും വീട്ടിലിരിക്കുമ്പോള്‍ സ്വന്തം ജീവന് പോലും അപകടത്തിലാക്കി തൊഴിലെടുക്കാനിറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയവരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം. കുറ്റവാളികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്ന് ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.