ലോക്ക് ഡൗൺ: സാക്ഷ്യപത്രം നൽകി; രേഖയിലില്ല

വിധവകൾക്ക് പെൻഷൻ ലഭിച്ചില്ല

ഗുരുവായൂർ: നഗരസഭയിൽ ആയിരത്തോളം
വിധവ, അവിവാഹിത പെൻഷൻ മുടങ്ങി. നഗരസഭയുടെ വീഴ്ചയാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് ആരോപണം. കൊവിഡ് 19 ആശ്വാസമായിട്ടാണ് സംസ്ഥാന സർക്കാർ രണ്ടു മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ നൽകാൻ തീരുമാനിച്ചത്. എന്നാൽ, ഗുരുവായൂർ നഗരസഭയിലെ വിധവകൾക്കും അവിവാഹിതകൾക്കും പെൻഷൻ ലഭിച്ചിട്ടില്ല.

അവിവാഹിതർ വിവാഹം കഴിച്ചിട്ടില്ലെന്നും വിധവകൾ പുനർവിവാഹിതരല്ലെന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കാത്തതിനാലാണ് ധനവകുപ്പ് ഇവരുടെ പെൻഷൻ തടഞ്ഞ് വച്ചിരിക്കുന്നത്. എന്നാൽ, ഇവരെല്ലാം ഡിസംബറിൽ മസ്റ്ററിംഗ് നടത്തി നഗരസഭയിൽ സാക്ഷിപത്രം സമർപ്പിച്ചവരാണ്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇക്കാര്യം കമ്പൂട്ടർ രേഖകളിൽ ചേർക്കാത്തതാണ് കാരണമെന്നറിയുന്നത്.

ഗുരുതരമായ ഈ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ആന്റോ തോമസ്, ജില്ലാ കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും പരാതി നൽകി. ഇക്കാര്യത്തിൽ അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാന സർക്കാരിനെ സമീപിക്കുമെന്നും ആന്റോ പറഞ്ഞു. നേരത്തെ, ഗുണഭോക്താക്കൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് നൽകിയാൽ മതിയായിരുന്നു. അനർഹമായി വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്നവരെ പിടികൂടാൻ ധനവകുപ്പ് നിബന്ധനകൾ കർശനമാക്കിയതാണ് ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വന്നത്.

ഇതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നില നിന്നിരുന്ന സാഹചര്യത്തിൽ നിരവധി പേരെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞും ഉദ്യോഗസ്ഥർ തിരിച്ചയച്ചിരുന്നു. ഇവരുടെ പെൻഷനുകളും മുടങ്ങിയിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു